Thursday, October 6, 2022
HomeNewsNationalഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ശമ്പളത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്ന് കേന്ദ്രധനമന്ത്രി

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ശമ്പളത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്ന് കേന്ദ്രധനമന്ത്രി

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ശമ്പളത്തെ ഇന്ത്യയിലെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്ന് കേന്ദ്രധനമന്ത്രി നിര്‍നമ്മല സീതാരാമന്‍. 2021 ലെ ധനകാര്യ നിയമഭേദഗതിയില്‍ ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുതിയ നികുതിയോ അധിക നികുതിയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തത ലഭിക്കുന്നതിനായി ആദായനികുതി നിയമത്തില്‍ ‘നികുതി ബാധ്യത’ (Liable to tax) എന്ന വാക്കിന് പൊതുവായ നിര്‍വ്വചനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രധനമന്ത്രി വിശദമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

നേരത്തേ 2021 ലെ ധനകാര്യ നിയമ ഭേദഗതിയുടെ ചിത്രം മഹുവ മൊയ്ത്ര എം.പി ട്വീറ്റ് ചെയ്തിരുന്നു. ‘ധനമന്ത്രി തന്റെ വാക്ക് മാറ്റുകയാണ്. സൗദി, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ കഠിനാധ്വാനികളായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അധിക നികുതി ഈടാക്കാന്‍ പോകുകയാണ്.’ -എന്നായിരുന്നു എം.പിയുടെ ട്വീറ്റ്.

ഇതിന് മറുപടിയായി ‘വാക്ക് മാറ്റിയിട്ടില്ല. 2021 ലെ ധനകാര്യ നിയമത്തില്‍ സൗദി, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ കഠിനാധ്വാനികളായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുതിയ നികുതിയോ അധിക നികുതിയോ ചുമത്തിയിട്ടില്ല.’ -നിര്‍മ്മല സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. വസ്തുതകള്‍ മനസിലാക്കാതെ നിഗമനങ്ങളിലെത്തുന്നത് ആശങ്കാജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Most Popular