Saturday, June 19, 2021
Home News National ഇന്ത്യന്‍ നിര്‍മിത രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു

ഇന്ത്യന്‍ നിര്‍മിത രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്സിനായുള്ള കരാറില്‍ രാജ്യം ഒപ്പുവെച്ചു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.

വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ കമ്ബനിയുടെ വാക്‌സിന്‍ ഡോസുകള്‍ കേന്ദ്ര സർക്കാർ ബുക്ക് ചെയ്തുകഴിഞ്ഞു. ആഗസ്റ്റ്-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ ഡോസുകള്‍ ലഭ്യമാകും എന്നാണ് മന്ത്രാലയം പറയുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിനേഷന്‍ നയത്തിനെതിരെ രാജ്യവ്യാപകമായി വിമര്‍ശം ഉയരുന്നതിനിടെയാണ് കൂടുതല്‍ ഡോസുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയും വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ മൂകസാക്ഷിയായിരിക്കില്ല എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.

ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് ഇപ്പോള്‍ ബയോളജിക്കല്‍ ഇയുടെ വാക്‌സിനുള്ളത്. പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. കൊവാക്‌സിന് പുറമേ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ്, റഷ്യയുടെ സ്പുട്‌നിക് ഫൈവ് എന്നിവയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍.

അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 1,34,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2887 പേരാണ് മരണത്തിന് കീഴടങ്ങിയത്. തമിഴ്‌നാട്ടിലും കേരളത്തിലുമാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതല്‍. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 25,317 പേര്‍ക്കും കേരളത്തില്‍ 19661 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കര്‍ണാടകയില്‍ 16387 പേര്‍ക്കും മഹാരാഷ്ട്രയില്‍ 15169 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

Most Popular