ന്യഡല്‍ഹി: പന്തീരാങ്കാവ് മാവോവാദ ബന്ധ കേസില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യ നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി. മാവോയിസറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
രണ്ടുപേരും ചെറുപ്പക്കാരായതിനാല്‍ അവര്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കാം. ഒരു പക്ഷേ മാവോയിസ്റ്റ് ആശയങ്ങളുള്ള പുസ്തകങ്ങളോ ലഘുലേഖകളോ ഇവരുടെ കൈവശം ഉണ്ടായിരുന്നിരിക്കാം. എന്നാല്‍, ആ ഒരു കാരണത്താല്‍ ഇവര്‍ക്കെതിരേ യുഎപിഎ ചുമത്താനാവില്ലെന്നാണ് പ്രഥമദൃഷ്ട്യാ തങ്ങളുടെ അഭിപ്രായമെന്ന് കോടതി വ്യക്തമാക്കി.
അലനും താഹയും മാവോ ബന്ധമുണ്ടെന്ന് പറയപ്പെടുന്ന മറ്റൊരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രോസിക്യൂഷന്‍ എതിര്‍ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ആ ഒരു കാരണത്താല്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഏതെങ്കിലും ഒരു വ്യക്തിക്കെതിരേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെങ്കില്‍ അവര്‍ ആ ഭീകര സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി തെളിയിക്കണമെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍, കേസിന്റെ വിചാരണ നടപടികളില്‍ തങ്ങളുടെ ഈ അഭിപ്രായങ്ങള്‍ സ്വാധീനിക്കരുതെന്നും ജഡ്ജിമാര്‍ പറഞ്ഞു.
താഹ ഫസലിന്റെ ജാമ്യ നടപടികള്‍ ഒരാഴ്ച്ചക്കകം പൂര്‍ത്തീകരിച്ച് അവരെ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തേ അലന്‍ ശുഹൈബിന് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം സുപ്രിംകോടതി നിരാകരിക്കുകയും ചെയ്തു.
2020 സെപ്റ്റംബറില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലന്‍ ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ALSO WATCH