ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്‌സിജന്‍ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി. കോവിഡ് സാഹചര്യം നേരിടാന്‍ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്‌സീന്‍ വില ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഇടപെടല്‍. കൂടാതെ അഞ്ചു കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം വാക്‌സീന്‍ വില നിര്‍ണ്ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണ്ണായകമാകും.
കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കമ്പനികള്‍ വ്യത്യസ്ത വില കോവിഡ് വാക്‌സീന് എങ്ങനെ ഈടാക്കും എന്നതാണ് ആദ്യത്തേത്. രണ്ട്- 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ എപ്പോള്‍ നല്‍കാനാവും, ഓക്‌സിജന്‍ ലഭ്യത എങ്ങനെ ഉറപ്പാക്കും, അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്തൊക്കെയെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം. അതോടൊപ്പം ജില്ലാകളക്ടര്‍മാര്‍ വരെയുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനത്തെ കുറിച്ചും വ്യക്തമാക്കേണ്ടതാണ്.
ഓക്‌സിജന്‍ ലഭ്യതയില്‍ കോടതി ഇടപെടരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഓക്‌സിജന്‍ ലഭ്യത താഴ്ന്നപ്പോള്‍ കേരളത്തെയും തമിഴനാടിനെയും പുകഴ്ത്തുന്നത് ഇതിന് ഉദാഹരണമായി തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
ALSO WATCH: