പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി ചായക്ക് ഓര്‍ഡര്‍ ചെയ്താല്‍ ഒരു പക്ഷേ 250 രൂപവരെ കൊടുക്കേണ്ടി വന്നേക്കാം. എന്നാല്‍, ഒരു തട്ടുകടയിലെ ചായക്ക് 1000 രൂപ കൊടുക്കണമെന്ന് വന്നാലോ. കൊല്‍ക്കത്തയിലെ മുകുന്ദ്പൂര്‍ എന്ന സ്ഥലത്തെ നിര്ജാസ് ചായക്കടയിലാണ് ഈ അപൂര്‍വ്വ ചായ വിളമ്പുന്നത്. ഒരു വലിയ കുടയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകട സെറ്റപ്പിലുള്ള കടയാണ് നിര്ജാസ്. ഇരിക്കാന്‍ രണ്ട്, മൂന്ന് പ്ലാസ്റ്റിക് കസേരകളും. പക്ഷെ അവിടത്തെ ബോ-ലെ ചായ കുടിക്കാന്‍ 1000 രൂപ നല്‍കണം. ഒരു കിലോ ബോ-ലെ ചായപൊടിക്ക് 3 ലക്ഷം രൂപയാണ് വില.
ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബോ-ലെ ചായപ്പൊടി ലോകത്തെ ഏറ്റവും മികച്ച ചായപ്പൊടികളില്‍ ഒന്നാണത്രെ. കട്ടന്‍ ചായക്കാണ് ബോ-ലെ ചായപ്പൊടി ഏറ്റവും അനുയോജ്യം. വൂ-ഡൂയി എന്ന യുനാന്‍ പ്രവിശ്യയിലെ പരമ്പരാഗത രീതി ഉപയോഗിച്ചാണ് ബോ-ലെ ചായപ്പൊടി തയ്യാറാക്കുന്നത്. ബോ-ലെ കൂടാതെ ലോകമെമ്പാടുമുള്ള നൂറിലധികം വ്യത്യസ്തമായ ചായകള്‍ 12 രൂപ മുതല്‍ 1000 രൂപ വരെ നിരക്കില്‍ നിര്ജാസ് ചായക്കടയില്‍ ലഭ്യമാണ്. സില്‍വര്‍ സൂചി വൈറ്റ്, ലാവെന്‍ഡര്‍, ഹൈബിസ്കസ്, വൈന്‍, തുളസി ഇഞ്ചി, ബ്ലൂ ടിസെയ്ന്, ടീസ്റ്റ വാലി, മകൈബാരി, റൂബിയോസ്, ഒകയ്തി എന്നിവയാണ് നിര്ജാസ് ടീ സ്റ്റാളില്‍ വിളമ്പുന്ന മറ്റുള്ള വെറൈറ്റി ചായകള്‍.
നിര്‍ജേഷ് ടീ സ്റ്റാളിന്റെ ഉടമ പാര്‍ത്ത പ്രതിം ഗാംഗുലി 2014ല്‍ ജോലി ഉപേക്ഷിച്ചാണ് നിര്ജാസ് ചായക്കട ആരംഭിച്ചത്. ഇത്രയും വിലകൊടുത്ത് ആരെങ്കിലും ചായ കുടിക്കുമോ എന്ന് സംശയമുള്ളവര്‍ക്ക് നിര്ജാസ് ചായക്കടയ്ക്ക് മുന്നിലെ ക്യൂ കണ്ടാല്‍ ആ സംശയം തീരും. ചായ ഇഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചായപ്പൊടിയും നിര്ജാസില് നിന്ന് ലഭിക്കും.
ALSO WATCH