Wednesday, July 6, 2022
HomeNewsNationalഅപ്രതീക്ഷിത നീക്കത്തില്‍ തിരാത്ത് സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പദവിയിലേക്ക്

അപ്രതീക്ഷിത നീക്കത്തില്‍ തിരാത്ത് സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പദവിയിലേക്ക്

ഡെറാടൂണ്‍: ബിജെപിയിലെ ഗ്രൂപ്പ് കളിക്കൊടുവില്‍ അപ്രതീക്ഷിത നേട്ടം കൊയ്ത് തിരാത്ത് സിംഗ് റാവത്ത്. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിങിനെ തിരഞ്ഞെടുത്തു. വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തിരാത്ത് സിങിന്റെ പേര് പ്രഖ്യാപിച്ചത്.

ഡെറാഡൂണില്‍ ഇന്ന് ചേര്‍ന്ന് നിയമസഭാകക്ഷി യോഗത്തില്‍ അവസാന നിമിഷത്തിലാണ് തിരാത്ത് സിങ് റാവത്തിന്റെ പേര് ഉയര്‍ന്ന് വന്നത്. ഉത്തരാഖണ്ഡില്‍ നിന്നുളള കേന്ദ്ര മന്ത്രി രമേശ് പോഖ്റിയാല്‍, സംസ്ഥാന മന്ത്രിസഭാംഗം ധന്‍ സിങ് റാവത്ത് എന്നിവരുടെ പേര് തളളിയാണ് തിരാത്തിനെ തിരഞ്ഞെടുത്തത്. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തിരാത് സിങ് രണ്ട് ദശകങ്ങളായി ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്. 2012 മുതല്‍ 17 വരെ ചൗബട്ടാഖല്‍ എംഎല്‍എയായിരുന്നു. 2013-15 കാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. നിലവില്‍ പൗരി ഗഡ്വാള്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.

വൈകിട്ട് നാലുമണിക്ക് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ വര്‍ഷം നടന്ന മന്ത്രിസഭാ വികസനത്തോടെ ആരംഭിച്ച ബിജെപിയിലെ ആഭ്യന്തര കലാപമാണ് ഇന്നലെ ത്രിവേന്ദ്ര സിങ് റാവത്തിന്റെ രാജിയില്‍ കലാശിച്ചത്. പിടിച്ചു നില്‍ക്കാന്‍ ത്രവേന്ദ്ര സിങ് ശ്രമിച്ചെങ്കിലും കേന്ദ്രവും കൈയൊഴിഞ്ഞതോടെ രാജിവയ്ക്കുകയായിരുന്നു.

 

Most Popular