ദോഹ: ഇന്ത്യയിലെ ഇസ്ലാം വിദ്വേഷത്തിനെതിരേ ട്വിറ്ററില്‍ സജീവമായ പ്രചാരണത്തിനിടെ കുളംകലക്കി മീന്‍പിടിക്കാന്‍ വ്യാജന്മാരും. സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണത്തിനെതിരെ അടുത്ത കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി എംപി തേജസ്വി സൂര്യയുടെ അറബ് സ്ത്രീകള്‍ക്കെതിരായ ട്വീറ്റും ചില പ്രവാസി ഇന്ത്യക്കാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് അറബ് ലോകത്ത് നിന്നുള്ള പ്രതിഷേധത്തിന് ഇടയാക്കിയത്. യുഎഇ രാജകുടുംബാംഗമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരിയുടെ ട്വീറ്റുകള്‍ ഈ വിഷയത്തില്‍ ശ്രദ്ദേയമായിരുന്നു. ഇതേ തുടര്‍ന്ന് ബഹ്റയ്ന്, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി അറിയപ്പെടുന്ന ട്വിറ്റര്‍ ഐഡികള്‍ ഇസ്ലാമോഫോബിയക്കെതിരേ രംഗത്തെത്തി.
അതേസമയം, അവസരം മുതലെടുത്ത് കടുത്ത പ്രകോപനം ഇളക്കിവിടുന്ന രീതിയിലുള്ള ട്വീറ്റുകളുമായി നിരവധി വ്യാജന്മാരും രംഗത്തുള്ളതായി ആള്‍ട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇതില്‍ മിക്കതും പാകിസ്താന് ബന്ധമുള്ള ഐഡികളാണ്.
1. നൂറ അല്‍ ഗുറൈര്‍(യുഎഇ)
Pity Ur upbringing @Tejasvi_Surya that respect for women couldn’t be instilled in U despite India having some great female leaders .Please note if someday the govt bestows a foreign ministry to you, avoid travelling to Arab lands. You are not welcome here. This will be remembered pic.twitter.com/KJJlqJL5tR
— Noora AlGhurair (@AlGhurair98) April 19, 2020
ബിജെപി എംപി തേജസ്വി സൂര്യക്കെതിരേ വന്ന ട്വീറ്റുകളില്‍ ഒന്ന് നൂറ അല്‍ ഗുറൈറിന്റെ(@AlGhurair98) പേരിലുള്ളതായിരുന്നു. അറിയപ്പെടുന്ന വനിതാ നേതാക്കളുള്ള ഇന്ത്യയില്‍ നിന്നുള്ള തേജസ്വി സുര്യക്ക് വനിതകളോട് ബഹുമാനം ഇല്ലെന്നതില്‍ കഷ്ടം തോന്നുന്നു. എപ്പോഴെങ്കിലും താങ്കള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ ചുമതല ലഭിച്ചാല്‍ അറബ് നാടുകളിലേക്ക് വരരുത്. താങ്കള്‍ക്ക് ഇവിടെ പ്രവേശനമില്ല. ഓര്മയിരിക്കട്ടെ- എന്നായിരുന്നു ഏപ്രില്‍ 19ന് നൂറയുടെ പേരില്‍ വന്ന പോസ്റ്റ്.
ദുബയിലെ വ്യവസായിയും ആക്ടിവിസ്റ്റുമെന്ന രീതിയില്‍ ഇവരുടെ പോസ്റ്റ് ദി ടെലഗ്രാഫ്, സൗത്ത് ചൈന മോണിങ് പോസ്റ്റ്, സ്ക്രോള്‍, ദി വീക്ക്, ഗള്‍ഫ് ന്യൂസ് എന്നിവ ഉദ്ധരിച്ചിരുന്നു. യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പാണ് അല്‍ ഗുറൈര്‍.
ഏപ്രില്‍ 19 മുതല്‍ 26 വരെയുള്ള ഒരാഴ്ച്ചയ്ക്കിടെ ഈ ഐഡിക്ക് 30,000 ഫോളോവേഴ്സാണ് വര്‍ധിച്ചത്.
അതേ സമയം, നേരത്തേ @DilawarKhanPat5 എന്ന പേരില്‍ ഉണ്ടായിരുന്ന ഐഡിയാണ് ഇപ്പോള്‍ പേര് മാറ്റി പ്രത്യക്ഷപ്പെട്ടതെന്ന് പരിശോധനയില്‍ വ്യക്തമായി. മലേഷ്യയില്‍ താമസിക്കുന്ന പാകിസ്താന് പൗരന് എന്ന് പരിചയപ്പെടുത്തുന്ന ദില്‍വര്‍ ഖാന്റെ പഴയ പ്രൊഫൈല്‍ ഗൂഗിള്‍ കാഷില്‍ ലഭ്യമാണ്.
2. ഒമാനി രാജകുമാരിയുടെ പേരില്‍
ഒമാനി രാജകുമാരി മോണ ബിന്ത് ഫഹദ് അല്‍ സഈദിന്റെ പേരിലുള്ള @SayyidaMotna എന്ന ട്വിറ്റര്‍ ഐഡിയാണ് മറ്റൊന്ന്. ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിംകള്ക്കെതിരായ അതിക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയിലുള്ള 10 ലക്ഷം തൊഴിലാളികളെ പുറത്താക്കുമെന്നായിരുന്നു ഇവരുടെ ട്വീറ്റിലെ മുന്നറിയിപ്പ്.
പതിനായിരത്തോളം തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടു. എന്നാല്‍, നേരത്തേ @pak_fauj എന്ന പേരില്‍ ഉണ്ടായിരുന്ന ഐഡിയാണ് ഒമാനി രാജകുമാരിയായി പ്രത്യക്ഷപ്പെട്ടത്.
പാക് സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നേരത്തേ ഈ ഐഡിയില്‍ നിന്ന് വന്നിരുന്നത്. ഇത് തന്റെ ഐഡിയല്ലെന്ന് വ്യക്തമാക്കി ഒമാനി രാജകുമാരി തന്നെ രംഗത്തെത്തിയിരുന്നു.
3. നൂറ ബിന്ത് ഫൈസല്‍ ആല് സഊദ് രാജകുമാരി
സൗദി അറേബ്യ സ്ഥാപകന്റെ കൊച്ചുമകള്‍ നൂറ ബിന്ത് ഫൈസല്‍ ആല് സഊദിന്റെ പേരിലുള്ള @NouraAlSaud എന്ന ഐഡിയും വ്യാജനാണെന്ന് വ്യക്തമായി.വംശീയവാദിയായ തേജസ്വി സൂര്യയെ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്നു എന്നായിരുന്നു ഇവരുടെ പ്രധാനപ്പെട്ട ട്വീറ്റുകളിലൊന്ന്. നേരത്തേ പാകിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിരുന്ന
@iDanialUsaf ഐഡിയാണ് പുതിയ പേരില്‍ പ്രത്യക്ഷപ്പെട്ടത്.
പാക്സ്താനില്‍ നിന്നുള്ള നിരവധി ഐഡികളും അവസരം മുതലെടുത്ത് ഫോളോവേഴ്സിനെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യാജ പേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പലതും ഇസ്ലാമോഫോബിയക്കെതിരായ യഥാര്‍ത്ഥ പ്രതിഷേധത്തെ വഴിതെറ്റിക്കുന്നവയാണ്. പ്രതിഷേധത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര വ്യാജന്മാരും ഉണ്ടാവാം. അതുകൊണ്ട് തന്നെ ഇത്തരം ട്വീറ്റുകള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കും മുമ്പ് ഒരു പരിശോധന നടത്തുന്നത് ഉചിതമാവും.
Twitter handles impersonating Arab personalities criticise India over Islamophobia