Wednesday, January 19, 2022
HomeEdiotrs Pickതീരാത്ത പക; രണ്ട് കുരങ്ങുകള്‍ കൊന്നത് 250ഓളം പട്ടിക്കുഞ്ഞുങ്ങളെ

തീരാത്ത പക; രണ്ട് കുരങ്ങുകള്‍ കൊന്നത് 250ഓളം പട്ടിക്കുഞ്ഞുങ്ങളെ

മുംബൈ: മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ രണ്ട് കുരങ്ങുകള്‍ ചേര്‍ന്ന് നൂറുകണക്കിന് പട്ടിക്കുഞ്ഞുങ്ങളെ കൊന്നതായി നാട്ടുകാര്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ലാവൂള്‍ ഗ്രാമത്തിലാണ് സംഭവം. പട്ടിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വലിയ ഉയരത്തില്‍ നിന്ന് താഴേക്കെറിഞ്ഞാണ് ഹനുമാന്‍ കുരങ്ങുകള്‍ ഭൂരിഭാഗം കൊലകളും നടത്തിയത്. പട്ടികള്‍ ഒരു കുരങ്ങിന്‍ കുഞ്ഞിനെ കൊന്നതിന് പ്രതികാരമായാണ് വിടാതെ പിന്തുടര്‍ന്നുള്ള ഈ ക്രൂരതയെന്ന് നാട്ടുകാര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ രണ്ട് മൂന്ന് മാസത്തിനിടെ ഈ കുരങ്ങുകള്‍ പല തവണയാണ് പ്രദേശത്ത് ചുറ്റിക്കറങ്ങി പട്ടിക്കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഉയരമുള്ള മരങ്ങളിലോ മറ്റോ കൊണ്ടുപോയി താഴേക്കെറിയുകയാണ് ചെയ്യുന്നത്. ചുരുങ്ങിയത് 250 പട്ടിക്കുഞ്ഞുങ്ങളെങ്കിലും ഇതിനകം കുരങ്ങിന്റെ പിടിയിലായതായി ഗ്രാമവാസികളില്‍ ഒരാള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചില പട്ടിക്കുഞ്ഞുങ്ങളെ കെട്ടിടത്തിന്റെയോ മരത്തിന്റെയോ മുകളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു. അവിടെ വെള്ളവും ഭക്ഷണവും കിട്ടാതെ അവ ചാവുകയായിരുന്നു. ലാവൂള്‍ ഗ്രാമത്തില്‍ ഒരൊറ്റ പട്ടിക്കുഞ്ഞ് പോലും ബാക്കിയാവരുത് എന്ന് വാശിയുള്ളതു പോലെയാണ് കുരങ്ങുകളുടെ പെരുമാറ്റമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കുരങ്ങുകള്‍ പട്ടിക്കുഞ്ഞുങ്ങളെ വിട്ട് മനുഷ്യക്കുഞ്ഞുങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി രണ്ട് കുരങ്ങുകളെയും പിടികൂടി സമീപപ്രദേശത്തുള്ള കാട്ടില്‍ വിട്ടു.

അതേസമയം, നാട്ടുകാര്‍ അവകാശപ്പെടുന്നതിനപ്പുറം പ്രതികാരത്തിന്റെ ഭാഗമായാണ് കുരങ്ങുകള്‍ പട്ടിക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്നതിന് തെളിവൊന്നുമില്ലെന്ന് ജില്ലാ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃഗങ്ങളുടെ സ്വഭാവം പലപ്പോഴും പ്രവചനാതീതമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Most Popular