ത്രിപുരയില്‍ മുസ്ലിംകളെ ആക്രമിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയെന്ന് വെളിപ്പെടുത്തല്‍; വസ്തുത വെളിച്ചത്ത് കൊണ്ടുവന്നവര്‍ക്കെതിരേ യുഎപിഎ

tripura

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരെ ത്രിപുരയില്‍ സംഘപരിവാരം നടത്തിയ ആക്രമണം സര്‍ക്കാര്‍ പിന്തുണയോടെയാണെന്നും അഴിഞ്ഞാടിയ കലാപകാരികള്‍ക്കെതിരേ പോലിസ് നിഷ്‌ക്രിയമായി നിലകൊണ്ടെന്നും വസ്തുതാന്വേഷണ റിപോര്‍ട്ട്. റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച രണ്ട് അഭിഭാഷകര്‍ക്കെതിരെ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ യുഎപിഎ ചുമത്തി.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുകേഷ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (എന്‍സിഎച്ച്ആര്‍ഒ) അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറി എന്നിവര്‍ക്കെതിരെയാണ് ത്രിപുര പോലിസ് കേസെടുത്തത്.

ഇരുവരും ത്രിപുരയില്‍ വസ്തുതാന്വേഷണത്തിന് എത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു. 153എ, ബി, 469, 503 , ഐ.പി.സിയിലെ 504, 120 ബി എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്.

അക്രമം തടയാന്‍ ത്രിപുര സര്‍ക്കാരും സംസ്ഥാന പോലിസും സമയബന്ധിതമായി നടപടിയെടുത്തില്ലെന്നും ഇത് അക്രമത്തെ സ്പോണ്‍സര്‍ ചെയ്യുന്നതിന് തുല്യമാണെന്നും അഭിഭാഷകര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതിന് പിന്നാലെയാണ് നവംബര്‍ 10നകം വെസ്റ്റ് അഗര്‍ത്തല പൊലിസ് സ്റ്റേഷനില്‍ ഹാജരാവാനും സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ ‘കെട്ടിച്ചമച്ചതും തെറ്റായതുമായ’ പ്രസ്താവനകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ച് അഭിഭാഷകര്‍ക്ക് നോട്ടീസ് ലഭിച്ചത്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26ന് നടന്ന വിഎച്ച്പി റാലിക്കിടെ പാനിസാഗര്‍ ടൗണില്‍ മുസ്ലിം പള്ളി തകര്‍ക്കുകയും കടകളും വീടുകളും ആക്രമിക്കുകയും കത്തിക്കുകയും ചെയ്തതോടെയാണ് ത്രിപുരയില്‍ അക്രമം ആരംഭിച്ചത്.

റിപോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
TRIPURA FACT FINDING REPORT
‘ത്രിപുരയില്‍ മനുഷ്യത്വം ആക്രമിക്കപ്പെടുന്നു; മുസ്‌ലിം ജീവിതങ്ങളും പ്രധാനമാണ്’ എന്ന തലക്കെട്ടിലാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിന് വേണമെങ്കില്‍ അക്രമം തടയാമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ അക്രമികളായ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ കൂടെക്കൂടുകയാണ് പൊലീസ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതി അഭിഭാഷകരായ ഇഹ്തിഷാം ഹാഷ്മി, അഡ്വ: അമിത് ശ്രീവാസ്തവ് (കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലോയേഴ്സ് ഫോര്‍ ഡെമോക്രസി), അഡ്വ: അന്‍സാര്‍ ഇന്‍ഡോരി (സെക്രട്ടറി, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍), അഡ്വ: മുകേഷ് (പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) തുടങ്ങിയവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച് തുടങ്ങിയ ഹിന്ദു ദേശീയവാദ സംഘടനകള്‍ റാലികള്‍ നടത്തുകയും അവര്‍ക്കൊപ്പം എസ്‌കവേറ്ററുമായി അക്രമികള്‍ എത്തുകയും ചെയ്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അക്രമത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കാനാകില്ലെന്ന് പറയുകയും തങ്ങളോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തതായി, വസ്തുതാന്വേഷണ സമിതി അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ ഇഹ്തിഷാം ഹാഷ്മി പറഞ്ഞു.

പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിതിഗതികള്‍ അറിയാമായിരുന്നിട്ടും അതിനനുസൃതമായി അവര്‍ നടപടി എടുത്തില്ല. 5000ലധികം ആളുകളുള്ള ജനക്കൂട്ടം അക്രമത്തില്‍ പങ്കെടുത്തിരുന്നു. നടക്കാന്‍ പോകുന്ന കലാപത്തെപറ്റി പോലിസിന് വ്യക്തമായി അറിയാമായിരുന്നെങ്കിലും മുന്‍കരുതല്‍ നടപടി ഒന്നും എടുത്തിരുന്നില്ല.

പാനിസാഗറിലെ റോവ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 11 കടകള്‍ കത്തിനശിച്ചതായി കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. അവിടെ ഒരു കട ഹിന്ദുവിന്റേതായതിനാല്‍ അവിടെമാത്രം അക്രമികള്‍തന്നെ തീ കെടുത്തി. മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകള്‍ കൊള്ളയടിച്ചിട്ടുമുണ്ട്.

ചംതില മസ്ജിദ് തകര്‍ത്തിട്ടില്ലെന്ന ത്രിപുര പോലിസിന്റെ വാദവും റിപ്പോര്‍ട്ട് തള്ളി. അക്രമത്തിന് ഇരയായ ആളുകള്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവരെ തിരിച്ചയച്ചത് പോലിസിന് അക്രമികളോടുള്ള അനുഭാവം വെളിപ്പെടുത്തുന്നുണ്ട്. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരൊഴിച്ചാല്‍ ബാക്കി അധികാരികളില്‍ കൂടുതലും കലാപത്തില്‍ പങ്കാളികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കലാപാനന്തരം സംസ്ഥാനത്ത് നടപ്പാക്കേണ്ട നിരവധി നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
ALSO WATCH