Monday, October 25, 2021
HomeNewsNationalഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്(89) അന്തരിച്ചു. ലഖ്‌നോവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ബാബരി മസ്ജിദി തകര്‍ക്കുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്.

രണ്ടുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 2014-ല്‍ രാജസ്ഥാന്‍ ഗവര്‍ണറായും കല്യാണ്‍ സിങ് പ്രവര്‍ത്തിച്ചിരുന്നു. 1991-ലാണ് കല്യാണ്‍ സിങ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു.

1993-ല്‍ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് കല്യാണ്‍ സിങ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളില്‍നിന്നും വിജയിച്ച കല്യാണ്‍ സിങ്, മുലായം സിങ് യാദവ് മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായി. 1997-ല്‍ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.

1999-ല്‍ ബിജെപി വിട്ട കല്യാണ്‍ സിങ് 2004-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2009-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും പാര്‍ട്ടി വിട്ട സിങ്, 2019-ലാണ് ബിജെപിയില്‍ തിരിച്ചെത്തിയത്.

 

Most Popular