ദുബൈ: യുഎസ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ദിര്‍ഹവും റിയാലും അടക്കമുള്ള ഗള്‍ഫ് കറന്‍സികള്‍ രണ്ടരമാസത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം രേഖപ്പെടുത്തി. റിയാലും കറന്‍സിക്കും കൂടുതല്‍ രൂപ കിട്ടുമെന്ന സാഹചര്യത്തില്‍ നാട്ടിലേക്കു പണമയ്ക്കാനുള്ള പ്രവാസികളുടെ തിരക്കുമേറി. മാസത്തിന്റെ തുടക്കം കൂടിയായതിനാല്‍ തിരക്ക് ഒന്നു കൂടി വര്‍ധിച്ചു.
യുഎസ് തിരഞ്ഞെടുപ്പിലെ സൂചനകളെ തുടര്‍ന്ന് ഡോളറിലേക്ക് നിക്ഷേപം വര്‍ധിച്ചതു രൂപയ്ക്കു തിരിച്ചടിയായി. ഇതോടെയാണു രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ വിലയിടിയാന്‍ കാരണമായി. യുഎഇ ദിര്‍ഹത്തിന് ഇന്നലെ 20.35 രൂപ ലഭിച്ചു.
സൗദി റിയാല്‍ 19.90, ഒമാന്‍ റിയാല്‍ 193.65, ഖത്തര്‍ റിയാല്‍ 20.45 എന്നിവയെല്ലാം ഉയര്‍ച്ച രേഖപ്പെടുത്തി. ബഹ്റൈന്‍ ദിനാര്‍, കുവൈത്ത് ദിനാര്‍ എന്നിവയ്ക്ക് യഥാക്രമം 198.10, 243.30 രൂപയും ലഭിച്ചു. വരും ദിവസങ്ങളില്‍ ഇതു തുടര്‍ന്നേക്കാം. അതേസമയം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു കൂടുതല്‍ പേര് തിരിഞ്ഞതു മൂലം സ്വര്‍ണ വിലയും വര്‍ധിച്ചിട്ടുണ്ട്.