ബംഗാളില്‍ മന്ത്രി മുരളീധരന്റെ വാഹനത്തിന് നേരേ അക്രമം; കാര്‍ തകര്‍ന്നു, ഡ്രൈവര്‍ക്ക് പരിക്ക്

bengal attack

കൊല്‍ക്കത്ത: ബംഗാളിലെ മേദിനിപുരില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. കല്ലുകളും വടികളുമായാണ് നിരവധി പേര്‍ വരുന്ന സംഘം ആക്രമണം നടത്തിയത്. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.


തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് വി മുരളീധരന്‍ ആരോപിച്ചു. മുരളീധരന്റെ ഡ്രൈവര്‍ രാജ്കമലിന് പരുക്കേറ്റു. സംസ്ഥാനത്ത് അക്രമത്തിനിരയായവരെ കാണാന്‍ പോകുംവഴിക്കായിരുന്നു സംഭവം. അക്രമിസംഘം പൊലീസ് വാഹനവും ആക്രമിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചു. അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കും.

സംഘര്‍ഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടുത്ത അതൃപ്തി അറിയിച്ചു. സംഘര്‍ഷങ്ങളുണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും ബംഗാള്‍ അനുകൂലമായി പ്രതികരിച്ചില്ല. റിപ്പോര്‍ട്ട് ഇനിയും വൈകരുതെന്നും സംഘര്‍ഷങ്ങള്‍ തടയാന്‍ അടിയന്തര നടപടിയെടുക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. സംസ്ഥാനത്തെ അക്രമങ്ങളില്‍ 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

അതേ സമയം, ബിജെപിയാണ് അക്രമം അഴിച്ചുവിടുന്നതെന്നും തങ്ങളുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും തൃണമൂല്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റു വാങ്ങിയ ബിജെപി കേന്ദ്ര ഇടപെടലിന് വഴിയൊരുക്കാന്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം.