Thursday, July 29, 2021
Home Gulf നാട്ടിലെത്തിയത് 10 ശതമാനംപേര്‍ മാത്രം; നിരക്ക് ഇരട്ടിയാക്കി വന്ദേഭാരത് മിഷന്‍; ചാര്‍ട്ടര്‍ വിമാനങ്ങള്‍ കളം പിടിക്കുന്നു

നാട്ടിലെത്തിയത് 10 ശതമാനംപേര്‍ മാത്രം; നിരക്ക് ഇരട്ടിയാക്കി വന്ദേഭാരത് മിഷന്‍; ചാര്‍ട്ടര്‍ വിമാനങ്ങള്‍ കളം പിടിക്കുന്നു

ദോഹ: കല്ലുകടികളുമായി തുടങ്ങിയ വന്ദേഭാരത് മിഷന്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ദൗത്യം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും കാത്തിരിക്കുന്ന പ്രവാസികളല്‍ 10 ശതമാനത്തെ പോലും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് നിരക്ക് ഇരട്ടിയാക്കിയും കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിച്ചും വന്ദേഭാരത് പൂട്ടിവെക്കാന്‍ ഒരുങ്ങുന്നതായി സൂചന ലഭിക്കുന്നത്.
മിഷന്റെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ എത്തിയത് കേരളത്തിലേക്ക് ആണെങ്കിലും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളില്‍ പത്ത് ശതമാനത്തെ പോലും നാട്ടിലെത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

മൂന്ന് ഘട്ടങ്ങളിലായി 133 വിമാനങ്ങളില്‍ ഏകദേശം 22,483 പേരെ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരുമാസത്തിനിടെ കേരളത്തിലെത്തിച്ചത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത നാല് ലക്ഷത്തോളം ഗള്‍ഫ് പ്രവാസികളില്‍ ആറ് ശതമാനം പോലും നാട്ടിലെത്തിയിട്ടില്ല. അതിനിടയിലാണ് സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ നിരക്ക് ഇരട്ടിയാക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.
ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്ന ദമ്മാം- കൊച്ചി സര്‍വീസിന് 1703 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്.

നിലവിലെ നിരക്ക് പോലും താങ്ങാന്‍ കഴിയാതെ ആയിരങ്ങള്‍ ലേബര്‍ക്യാമ്പുകളിലും മറ്റും നരകിക്കുമ്പോഴാണ് ഈ നടപടി. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് നിരക്ക് കൂടുതലായതിനാല്‍ അത് വന്ദേഭാരത് നിരക്കിലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയത്. മൂന്നാംഘട്ടത്തില്‍ 85 വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നപ്പോള്‍ നാലാംഘട്ടത്തില്‍ ഇതുവരെ പ്രഖ്യാപിച്ചത് അറുപതില്‍ താഴെ വിമാനങ്ങള്‍ മാത്രം. സ്വകാര്യ വിമാനകമ്പനികളുടെ ഉയര്‍ന്ന നിരക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങളാണ് പകരം ഇടംപിടിക്കുന്നത്. ഗള്‍ഫ് പ്രവാസികളെ കൊണ്ടുപോകാന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന നാവിക സേനയുടെ കപ്പലുകള്‍ എവിടെയും കാണാനുമില്ല. മാലിദ്വീപില്‍ നിന്ന് മാത്രമാണ് കപ്പലില്‍ കാര്യമായി പ്രവാസികളെ കൊണ്ടുവന്നത്.


 

Most Popular