ലഖ്നോ: ഇല്ലാത്ത ടലൗ ജിഹാദി’നെതിരേ നിയമം നിര്‍മിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സലാമത്ത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹരജിയിലാണ് വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തിനെതിരേ കോടതി സ്വരം കടുപ്പിച്ചത്. പ്രിയങ്കയെ മതം മാറ്റി സലാമത്ത് അന്‍സാരി വിവാഹം ചെയ്തുവെന്ന പ്രിയങ്കയുടെ പിതാവിന്റെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി.
ഞങ്ങളവരെ ഹിന്ദുവും മുസ്ലിമും ആയല്ല കാണുന്നതെന്നും വ്യക്തികളുടെ അവകാശത്തിനു മേല്‍ കടന്നുകയറാന്‍ മറ്റുള്ളവര്‍ക്കോ ഭരണകൂടത്തിനോ അവകാശമില്ലെന്നും ജസ്റ്റിസ് പങ്കജ് നഖ്വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും അടങ്ങിയ അലഹബാദ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം ചെയ്തുവെന്ന പിതാവിന്റെ പരാതി വാസ്തവ വിരുദ്ധമാണെന്നും ദമ്പതികള്‍ സന്തോഷപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരാണെങ്കില്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായ അവകാശമുണ്ട്. വ്യക്തികളുടെ അവകാശത്തിനു മേല്‍ കടന്നുകയറാന്‍ മറ്റു വ്യക്തികള്‍ക്കോ ഭരണകൂടത്തിനോ യാതൊരു തരത്തിലുള്ള അവകാശമില്ലെന്നും കോടതി പറഞ്ഞു.
കിഴക്കന്‍ യുപിയിലെ കുഷിനഗറില്‍നിന്നുള്ള സലാമത്ത് അന്‍സാരി പ്രിയങ്കയുടെ മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായാണ് അവരെ വിവാഹം കഴിച്ചത്. തുടര്‍ന്ന് പ്രിയങ്ക വിവാഹത്തിനു തൊട്ടുമുമ്പ് മതം മാറി ‘അലിയ’ എന്ന പേര് സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചുവെന്നു കാട്ടി മാതാപിതാക്കള്‍ പരാതി നല്കി. മകള്‍ക്കു പ്രായപൂര്‍ത്തിയായില്ലെന്നും പോക്സോ ബാധകമാണെന്നും മാതാപിതാക്കള്‍ അറിയിച്ചു.
അതേസമയം ഉത്തര്‍പ്രദേശിലെ 14 മിശ്ര വിവാഹങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ‘ലൗ ജിഹാദി’ല്ലെന്ന് യുപി പോലിസും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് കാണ്‍പൂര്‍ പോലിസിന്റെ റിപ്പോര്‍ട്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗൂഢാലോചന, വിദേശ ഫണ്ടിങ് തുടങ്ങിയ ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ സാധിച്ചില്ല.
ഒരു കേസില്‍ പോലും അസ്വാഭാവികത കണ്ടെത്താന്‍ സാധിച്ചില്ല. പെണ്‍കുട്ടികള്‍ നേരത്തെ അറിയാവുന്നവരെയാണ് വിവാഹം കഴിച്ചത്. യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദവും പോലിസ് അറിയിച്ചു. ‘ലൗ ജിഹാദി’നെതിരെ നിയമനിര്‍മാണവുമായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണ്ണാടക സര്‍ക്കാരുകള്‍ മുന്നോട്ടു വന്നിരുന്നു. നേരത്തേ കേരളത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ സംഘപരിവാരം ശ്രമിച്ചെങ്കിലും ഒടുവില്‍ കോടതിയും പോലിസും തള്ളിക്കളയുകയായിരുന്നു.
മതപരിവര്‍ത്തനത്തിനെതിരേ നിയമവുമായി യുപി
അതേ സമയം, മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് പ്രകാരം നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തന കേസുകളില്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും.
ഒരു വ്യക്തി മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവാഹത്തിന് 2 മാസം മുന്‍പ് ജില്ലാ മജിസ്ട്രേറ്റില്‍നിന്ന് അനുമതി വാങ്ങണമെന്നു മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1 മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവര്‍ത്തനത്തിന് 3 മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.