ശ്രീനഗര്‍: ലോകവ്യാപകമായി കൊറോണ ഭീതി വ്യാപിക്കുകയും ഇന്ത്യന്‍ ഭരണകൂടം വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍ കശ്മീര്‍ ജനതയാകെ ഭീതിയിലാണ്. കശ്മീരില്‍ നാല് കോവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് താഴ് വരയിലെ ജനതയുടെ ആശങ്കയേറിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കടുത്ത വിലക്കുകള്‍ കാരണം പൂര്‍ണമായും ഒറ്റപ്പെട്ടുപോയ കശ്മീരി ജനതയ്ക്ക് കൊറോണ ഭീതി പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണു വിതയ്ക്കുകയെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.
ഹിമാലയന്‍ മേഖലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ വിദഗ്ധരുടെയും കടുത്ത ക്ഷാമമാണുള്ളത്.
നൂറുകണക്കിന് ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളതിനാല്‍, റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വെറും മഞ്ഞുമലയുടെ അംശം മാത്രമായിരിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കശ്മീരിന്റെ ഭാഗമായിരുന്ന, കഴിഞ്ഞ ആഗസ്തില്‍
കേന്ദ്രഭരണപ്രദേശമാക്കിയ മാറ്റിയ ലഡാക്കില്‍
13 കേസുകളാണ് സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍പേരും ഇറാനില്‍ പോയവരാണത്രേ. കശ്മീരിന്റെ പ്രത്യേക പദവി ആഗസ്തില്‍ റദ്ദാക്കിയ ശേഷം കഴിഞ്ഞ മാസമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്. എന്നാല്‍, 4 ജി സേവനങ്ങള്‍ നിഷേധിച്ചിക്കപ്പെട്ടതിനാല് ഇന്റര്‍നെറ്റ് സേവനങ്ങള്‍ മന്ദഗതിയിലാണ്.
കശ്മീരിലെ പ്രധാന നഗരവും ഒരു ദശലക്ഷത്തോളം പേര് താമസിക്കുന്നതുമായ ശ്രീനഗര്‍ ഈ ആഴ്ച ഒരു പ്രേതനഗരം പോലെയായെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. വിപണികള്‍ അടച്ചു. പൊതുഗതാഗതം നിരോധിച്ചു. യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തതോടെ ആളില്ലാത്ത അവസ്ഥയാണ്. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം തടയാനായി നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിനെ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
നീണ്ട ഏഴ് മാസത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കു ശേഷം കഴിഞ്ഞ മാസം വീണ്ടും തുറന്ന സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവ വീണ്ടും അടച്ചുപൂട്ടി. ജനങ്ങളാവട്ടെ
മറ്റൊരു നീണ്ട കാലയളവിനുള്ള തയ്യാറെടുപ്പിനെന്നോണം അവശ്യസാധനങ്ങള്‍ ശേഖരിക്കുകയാണ്.
കശ്മീരിലെ ദൈനംദിന സംഭവങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ കശ്മീരികള്‍ ആരും ഉറങ്ങുകയില്ലെന്ന്
ശ്രീനഗറിലെ സിവില്‍ അഡ്മിനിസ്ട്രേഷന് മേധാവി ഷാഹിദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു.
‘നമുക്ക് നമ്മുടെ അഹംഭാവം മാറ്റിവയ്ക്കാം. കൂട്ടായി പ്രവര്‍ത്തിക്കുക. പരിഭ്രാന്തിക്കു പകരം
പരസ്പരം സഹകരിക്കുക. ഇത് മൂന്നാം ലോകമഹായുദ്ധമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആശുപത്രികളുടെ അവസ്ഥ പരിതാപകരം;
ഡോക്ടര്‍മാരും കൊറോണ ഭീതിയില്‍
ലോകമാകെ ഭീതിയിലാണ്ടിരിക്കുമ്പോള്‍ മാസങ്ങളായി ഒറ്റപ്പെട്ടുകഴിഞ്ഞ കശ്മീരില്‍ ഇപ്പോള്‍ കൊറോണ കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടടോടെ ആശുപത്രികളുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരമാവുന്നത്. താഴ് വരയിലെ ആശുപത്രികള്‍ വൈറസ് വ്യാപനത്തെ തടയാന്‍ സജ്ജമല്ലെന്നാണ് ആരോപണം. ഇത്തരത്തില്‍ പോവുകയാണെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്നാണ് ശ്രീനഗറിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് (ജിഎംസി) മുന്‍ പ്രിന്‍സിപ്പലായ മുതിര്‍ന്ന ഡോക്ടറുടെ മുന്നറിയിപ്പ്. കൊറോണ വൈറസ് പിടിപെടുകയാണെങ്കില്‍
ഞങ്ങള്‍ ഇല്ലാതാവും. ഞങ്ങള്‍ കന്നുകാലികളെപ്പോലെ മരിച്ചുവീഴുമെന്നും പേര് വെളിപ്പെടുത്താത്ത ഡോക്ടര്‍ അല്‍ജസീറയോട് പറഞ്ഞു. സാധാരണ സമയങ്ങളെ പോലും കൈകാര്യം ചെയ്യാന്‍ കശ്മീരിലെ ആരോഗ്യസംവിധാനം സജ്ജമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രികളില്‍ ഔട്ട്പേഷ്യന്റ് വിഭാഗവും ശസ്ത്രക്രിയകളുമെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഗവണ്മെന്റ് മെഡിക്കല്‍ കോളജ്(ജിഎംസി) പ്രിന്‍സിപ്പല്‍ സമിയ റാഷിദ് പറഞ്ഞു. അടിയന്തിര സാഹചര്യങ്ങള്‍ മാത്രം പരിശോധിച്ച് ശസ്ത്രക്രിയ നടത്തും. അടിയന്തര ചികില്‍സ ആവശ്യമില്ലാത്ത രോഗികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്നാണ് അഭ്യര്‍ത്ഥന.
ജിഎംസിയില്‍ 13,000 എന്‍ 95 മാസ്കുകള്‍, 3,300 പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്(പിപിഇ) കിറ്റുകള്‍, 122,000 ട്രിപ്പിള്‍ ലേയേര്‍ഡ് മാസ്കുകള്‍ എന്നിവയാണുള്ളത്. കോവിഡ് 19 രോഗികളെ ചികില്സിക്കുമ്പോള് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അണുബാധകളില്‍ നിന്നുള്ള സംരക്ഷണത്തിനു എന്‍ 95 റെസ്പിറേറ്റര്‍ മാസ്കുകളും സര്‍ജിക്കല്‍ മാസ്കുകളും(ഫെയ്സ് മാസ്കുകള്‍) ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും മനുഷ്യവിഭവങ്ങളുടെ കുറവുണ്ടെന്ന് റാഷിദ് പറഞ്ഞു.
2018ല്‍ നടത്തിയ ആരോഗ്യസംരക്ഷണ കാര്യങ്ങളുടെ ഔദ്യോഗിക ഓഡിറ്റില്‍, സംസ്ഥാന വ്യാപകമായി രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മനുഷ്യവിഭവ ശേഷിയില്ലെന്ന് കണ്ടെത്തിയിരുന്നു. നഴ്സിങ് സ്റ്റാഫുകളുടെ എണ്ണം വളരെ കുറവാണ്. 3,193 നഴ്സുമാരെ ആവശ്യമുള്ളിടത്ത്
1,290 സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിനു മാത്രമാണ് അനുമതി നല്‍കിയത്. 19.3 തസ്തികകള്‍ കൂടി സൃഷ്ടിക്കണമെന്നാണ് ഓഡിറ്റില്‍ വ്യക്തമാക്കിയിരിന്നത്. കശ്മീര്‍ മേഖലയിലെ ഡോക്ടര്‍-രോഗി അനുപാതം ഇന്ത്യയിലെ ഏറ്റവും താഴ്ന്നതാണെന്ന് ഓഡിറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ഡോക്ടര്‍രോഗി അനുപാതം 1: 2,000 എന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജമ്മു കശ്മീരില്‍ ഇത് 3,866 പേര്‍ക്ക് ഒരു അലോപ്പതി ഡോക്ടര്‍ എന്ന നിരക്കിലാണ്.
ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ മറ്റോ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിലെ ഡോക്ടര്‍ അഹ്മദാണ് അല്‍ ജസീറയോട് ഇത്തരമൊരു ആശങ്ക പങ്കുവച്ചത്.
‘ഞങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ ഇല്ല. ഞങ്ങള്‍ ഒരു ശസ്ത്രക്രിയ മാസ്ക്, സാധാരണ കൈയുറകള്‍, സര്‍ജിക്കല്‍ ഗണ്‍, ഒരു തൊപ്പി എന്നിവ മാത്രമാണ് ധരിക്കുന്നത്. ദൂരം നിലനിര്‍ത്താന്‍ ഒരു രോഗിയോട് പറയാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. രോഗലക്ഷണങ്ങളുമായി ആളുകള്‍ വരുന്ന ആദ്യത്തെ സ്ഥലമാണ് ആശുപത്രി. ഒരു ഡോക്ടറുമായാണ് അവരുടെ ആദ്യത്തെ സമ്പര്‍ക്കം. അതിനാല്‍ തന്നെ തന്നെപ്പോലുള്ള ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ രോഗം പരത്തുന്നവരായി മാറാന്‍ താല്പര്യമില്ലെന്നും അഹ്മദ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് രോഗം പിടിപെട്ടാല്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈന് ചെയ്യേണ്ടിവരും. ഞങ്ങള്‍ക്ക് ശരിയായ ഉപകരണങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
‘ആശുപത്രി സന്ദര്‍ശിക്കുന്ന ഓരോ രോഗിയെയും കോവിഡ് 19 സാധ്യതയുള്ള കേസായി കാണണണമെന്നും ആശുപത്രിയിലെ സുരക്ഷാ ഉപകരണങ്ങളുടെയും സാനിറ്റൈസറുകളുടെയും ക്ഷാമം പരിഹരിക്കണമെന്നും റെസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ‘പൊതുജനക്ഷേമം ഡോക്ടര്‍മാരെ ആശ്രയിച്ചിരിക്കുന്നു. ഡോക്ടര്‍മാര്‍ തന്നെ രോഗികളായാല്‍ അവര്‍ക്ക് എങ്ങനെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്കാന് കഴിയുമെന്നാണ് ഉയരുന്ന ചോദ്യം.
പ്രദേശത്തെ രണ്ട് പ്രധാന ആശുപത്രികളില്‍, ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണെത്തുന്നത്. രണ്ട് ഡോക്ടര്‍മാരെ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
തുടരുന്ന അതിവേഗ ഇന്റര്‍നെറ്റ് നിയന്ത്രണം
കോവിഡ് 19ന്റെ വ്യാപന ഭീഷണിക്കിടയിലും കശ്മീരില്‍ അതിവേഗ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ഇത് ജനങ്ങള്‍ക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും ഫലപ്രദമായ അവബോധ കാംപയിനെ തടസ്സപ്പെടുത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ആഗസ്ത് മുതലാണ് മേഖലയിലെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞത്. ഡോക്ടര്‍മാര്‍ക്കായുള്ള കോവിഡ് 19 മാനുവല്‍ പോലും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ജിഎംസിയിലെ ശസ്ത്രക്രിയാ വിഭാഗം പ്രാഫസര്‍ ഇക്ബാല്‍ സലീം പറഞ്ഞു.
‘ഇത് ഏറെ നിരാശാജനകമാണ്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം തീവ്രപരിചരണ പരിപാലനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചു. 24 എംബിയും ഒരു മണിക്കൂറുമെടുത്തിട്ടും ഡൗണ്‍ ലോഡ് ചെയ്യാനായില്ലെന്നും ഇന്റര്‍നെറ്റ് വേഗതക്കുറവിനെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള അപ്ഡേറ്റ് വിവരങ്ങള്‍ ലഭിക്കുമ്പോള്‍ കുറഞ്ഞ വേഗതയുള്ള ഇന്റര്‍നെറ്റ് ഞങ്ങള്‍ക്ക് തിരിച്ചടിയാവുന്നതായി വടക്കന്‍ കശ്മീരിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഒന്നും അറിയാന്‍ കഴിയുന്നില്ല, ഗവേഷണ പ്രബന്ധങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പോലുമാവുന്നില്ല. ഇത് ഏറെ പ്രയാസമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, അതിവേഗ ഇന്റര്‍നെറ്റ് നിരോധനം കശ്മീരിലെ പലര്‍ക്കും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനു തടസ്സമുണ്ടാക്കുകയാണ്.
രോഗം പടരാതിരിക്കാന്‍ പല രാജ്യങ്ങളിലും സ്വീകരിച്ച സുപ്രധാന മുന്‍കരുതലാണ് വര്‍ക്കം ഫ്രം ഹോം പദ്ധതി. എന്നാല്‍, ഞങ്ങളുടെ ലാപ്ടോപ്പുകളെ ബന്ധിപ്പിക്കുന്നതിന് വേണ്ടത്ര മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരമില്ലെന്ന് ഐടി ഉദ്യോഗസ്ഥനായ അര്‍ഷാദ് പറഞ്ഞു. മേഖലയില്‍ അതിവേഗ ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചതിനെ അപലപിച്ച ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇത് പൂര്‍ണമായും പുനസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കണമെന്നും 4 ജി സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം പുനസ്ഥാപിക്കണമെന്നും ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആളുകള്‍ക്ക് പൂര്‍ണമായി ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്ത് തരാമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന്
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സലിന്റെ പ്രതികരണം. കശ്മീരിലെ അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ലോകമെമ്പാടുമുള്ള 170ലേറെ അക്കാദമിക് വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയ്ക്കും യുഎന്നിനും കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ‘കോവിഡ് 19 ന്റെ ഒന്നിലധികം പോസിറ്റീവ് കേസുകള്‍ പ്രദേശത്ത് റിപോര്‍ട്ട് ചെയ്തിട്ടും, ഇന്ത്യന്‍ സര്‍ക്കാര്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത് വിലക്കിയിരിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.