ന്യൂഡല്‍ഹി: ആടിയുലയുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമറിയാം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക പ്രവര്‍ത്തക സമിതി ചേരും. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം. സോണിയ ഗാന്ധി ഒഴിയാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ പകരം ആര് എന്നതാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചയാവുക.
അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന് താല്‍പര്യമില്ലെങ്കില്‍ സംഘടനയെ ചലിപ്പിക്കാന്‍ കെല്‍പ്പുള്ള മറ്റൊരാളെ കണ്ടെത്തണമെന്ന് 23 നേതാക്കള്‍ സോണിയ ഗാന്ധിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആരേയും നിര്‍ദ്ദേശിക്കില്ലെന്നും അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തട്ടേയെന്നുമാണ് സോണിയയുടെ നിലപാട്. എ കെ ആന്റണി, മന്‍മോഹന്‍ സിങ്, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. ഇതിനിടെ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്.
നേതൃത്വത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജീവ് സത്വ, മാണിക്കം ടാഗൂര്‍ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 23 പേരല്ല കോണ്‍ഗ്രസെന്ന് മാണിക്കം ടാഗൂര്‍ പറഞ്ഞു. സോണിയ ഗാന്ധി തുടരുകയോ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുകയോ വേണമെന്ന് പകുതിയിലധികം എംപിമാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്‍പര്യമെന്ന് പ്രിയങ്കയും അറിയിച്ചതായാണ് മാധ്യമങ്ങളുടെ റിപോര്‍ട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന് ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത്.