Thursday, June 30, 2022
HomeEntertainmentകടുത്ത മുസ്ലിംവിരുദ്ധതയുമായി സൂര്യവന്‍ശി; സവര്‍ണ നായക കഥാപാത്രമായി അക്ഷയ് കുമാര്‍

കടുത്ത മുസ്ലിംവിരുദ്ധതയുമായി സൂര്യവന്‍ശി; സവര്‍ണ നായക കഥാപാത്രമായി അക്ഷയ് കുമാര്‍

ലൗ ജിഹാദും സ്‌ഫോടനങ്ങളും കശ്മീരും പാകിസ്താനും രാജ്യസ്‌നേഹവുമൊക്കെ കൂട്ടിക്കൂഴച്ച് കടുത്ത മുസ്ലിം വിരുദ്ധതയുമായി വീണ്ടുമൊരു ബോളിവുഡ് സിനിമ കൂടി. സംഘപരിവാര സഹയാത്രികനായ അക്ഷയ് കുമാര്‍ നായകനാവുന്ന സൂര്യവന്‍ശി എന്ന ചിത്രമാണ് ഓരോ മൂന്നാമത്തെ ഫ്രെയിമിലും ഇസ്ലാംഭീതി കുത്തിനിറച്ചിരിക്കുന്നത്.

സിനിമയിലെ ഒരു സംഭവം ഇങ്ങിനെയാണ്. ഹിന്ദുവായി നടിച്ച് കാര്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന മുസ്ലിം യുവാവും ഹിന്ദുവായ ഭാര്യയും. ഭാര്യ ഇയാളുടെ ഭീകരാക്രമണ പദ്ധതിയെ എതിര്‍ക്കുന്നു. അപ്പോഴാണ് ഭീകരവാദികളുടെ നേതാവ് പ്രത്യക്ഷപ്പെടുകയും ഭാര്യയെ ഇയാളുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്നത്. തുടര്‍ന്ന് ഭര്‍ത്താവും നേതാവും ചേര്‍ന്ന് പ്രാര്‍ഥന നടത്തുകയും ആക്രമണത്തിനായി പുറപ്പെടുകയും ചെയ്യുന്നു.

മുസ്ലിം യുവാക്കള്‍ ജിഹാദിന്റെ ഭാഗമായി ഹിന്ദു യുവതികളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുകയും മതംമാറ്റുകയും ചെയ്യുന്നുവെന്ന ലൗജിഹാദ് കെട്ടുകഥ ചിത്രം ആവര്‍ത്തിക്കുന്നു.

കോവിഡ് ലോക്ക്ഡൗണിന് ശേഷം തിയേറ്ററില്‍ ഏറ്റവും വിജയം നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ് സൂര്യവന്‍ശി. എടിഎസ് ചീഫ് വീര്‍ സൂര്യ സൂര്യവന്‍ശി ആയി എത്തുന്ന അക്ഷയ് കുമാറിന്റെ സവര്‍ണ ഹിന്ദു കഥാപാത്രം രാജ്യസ്‌നേഹത്തിന്റെ പാഠങ്ങള്‍ നല്‍കുമ്പോള്‍ ചിത്രത്തിലെ മുസ്ലിം കഥാപാത്രം വെറുപ്പിലൂടെയാണ് അതിനോട് പ്രതികരിക്കുന്നത്. പതിവ് പോലെ നീളന്‍ താടിയും തൊപ്പിയും അണിഞ്ഞിട്ടുണ്ട്. നായകന്‍ ഇന്ത്യന്‍ മുസ്ലിംകളെ ഉപദേശിക്കുന്ന ഓരോ ഫ്രെയിമിലും തിയേറ്ററില്‍ ഉള്ളവര്‍ കൈയടിക്കുന്നുണ്ടെന്ന് റാണ അയ്യൂബ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

മോദിയുടെ ഹിന്ദു ദേശീയതാ അജണ്ടയുടെ പ്രചാരണമാണ് ലക്ഷ്യമെന്നത് മറച്ചുവയ്ക്കാനൊന്നും സിനിമ ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ സിനിമ ന്യായീകരിക്കുന്നു. ആര്‍ട്ടിക്കിള്‍ 30 നീക്കിയതോടെ കശ്മീരിലെ ഭീകരത ഇല്ലാതായെന്ന സര്‍ക്കാര്‍ ഭാഷ്യം സിനിമ ആവര്‍ത്തിക്കുന്നുണ്ട്.

ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ നിരവധി ആക്രമണങ്ങളും സ്‌ഫോടനങ്ങളും മറച്ചു വച്ച് മുസ്ലിംകളുടെ മേല്‍ ആരോപിക്കപ്പെട്ട ആക്രമങ്ങള്‍ മാത്രമാണ് സൂര്യവന്‍ശി എടുത്തു പറയുന്നത്. 1993ലെ മുംബൈ സ്‌ഫോടനത്തെ കുറിച്ച് പറയുന്ന നായകന്‍ അതിന് കാരണമായ 1992ലെ മുസ്ലിം വിരുദ്ധ കലാപത്തെക്കുറിച്ച് മിണ്ടുന്നില്ല. 2002ലെ ഗുജറാത്ത് കലാപവും 2006ലെയും 2008ലെയും മലേഗാവ് സ്‌ഫോടനവും സൗകര്യപൂര്‍വ്വം ഒഴിവാക്കിയതായും റാണ അയ്യൂബ് ചൂണ്ടിക്കാട്ടി.

പാകിസ്താനില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ഒരു മുസ്ലിം പണ്ഡിതനും പുരോഹിതനുമാണ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഈയിടെ പത്മശ്രീ നേടിയ കരണ്‍ ജോഹറാണ് സിനിമയുടെ നിര്‍മാതാക്കളിലൊരാള്‍. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് ആണ് പ്രൊഡക്ഷന്‍ കമ്പനി.

ഹിറ്റലറിന്റെ വാഴ്ത്തു പാട്ടുകളും ജൂതവിരോധവുമായി സിനിമകള്‍ പുറത്തിറക്കിയ നാസി ജര്‍മനിയെയാണ് സൂര്യവന്‍ശി പോലുള്ള ചിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് റാണ അയ്യൂബ് ചൂണ്ടിക്കാട്ടി.
ALSO WATCH

Most Popular