ലക്‌നോ: ഇന്ത്യയില്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നു. മാതാപിക്കളെയടക്കം കുടുംബത്തിലെ ഏഴു പേരെ വെട്ടിക്കൊന്ന കേസില്‍ യുപി സ്വദേശിനി ഷബ്‌നത്തിന്റെ വധശിക്ഷയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
2008 ഏപ്രിലിലാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഭവന്‍ഖേദി ഗ്രാമത്തിലായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്കിയശേഷമായിരുന്നു കൊലപാതകം. കാമുകന്‍ സലിമിനൊപ്പം ചേര്‍ന്ന് ഷബ്‌നം കുടുംബത്തിലെ ഏഴു പേരെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍, രണ്ടു സഹോദരന്മാര്‍, സഹോദരന്റെ ഭാര്യ, സഹോദരി, മരുമകന്‍ എന്നിവരെയാണു കൊലപ്പെടുത്തിയത്. സലിമുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണു കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്.
അറസ്റ്റിലാകമ്പോള്‍ ഷബ്‌നം ഏഴു മാസം ഗര്‍ഭിണിയായിരുന്നു. 2008 ഡിസംബറില്‍ ഇവര്‍ ആണ്‍കുഞ്ഞിനു ജന്മം നല്കിയിരുന്നു. ഇംഗ്ലീഷിലും ജോഗ്രഫിയിലും ബിരുദാനന്തര ബിരുദമുള്ള ഷബ്‌നം ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. സലിം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചയാളാണ് സലിം. യാ ഷബ്‌നത്തിന്റെ വീടിനടുത്തുള്ള തടിമില്ലില്‍ ജോലി ചെയ്യുകയായിരുന്നു സലിം.
കേസില്‍ അറസ്റ്റിലായ ഷബ്‌നത്തിനും സലീമിനും 2010 ജൂലൈയില്‍ ജില്ലാ കോടതി വധശിക്ഷ വിധിച്ചതിന് അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. പിന്നാലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും അതും തള്ളി. ഇതോടെയാണു പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഷബ്‌നം ബറേലി ജയിലിലും സലിം ആഗ്ര ജയിലിലുമാണ്. മഥുരയില്‍ വച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണു റിപ്പോര്‍ട്ട്. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാകും ഷബ്‌നത്തെയും തൂക്കിലേറ്റുക. പവന്‍ രണ്ടു തവണ മഥുര ജയിലിലെത്തി നടപടിക്രമങ്ങള്‍ പരിശോധിച്ച് നിര്‍ദേശിച്ചതനുസരിച്ച് കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ബിഹാറിലെ ബക്‌സറില്‍നിന്നുള്ള തൂക്കുകയറും മഥുര ജയിലില്‍ എത്തിച്ചിട്ടുണ്ട്.
വനിതകളുടെ വധശിക്ഷ നടപ്പാക്കുന്ന ഏക ജയില്‍ 1870ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണിത മഥുരയിലേതാണ്. 1947നുശേഷം ഇന്ത്യയില്‍ വധശിക്ഷയ്ക്കു വിധേയയാകുന്ന ആദ്യ വനിത ഷബ്‌നമായിരിക്കുമെന്നാണു ജയില്‍ അധികൃതര്‍ പറയുന്നത്.