ദോഹയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് വനിതകള്‍

cochi doha air india express

ദോഹ: വനിതാ ദിനത്തില്‍ വിമാനത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു വനിതാ ജീവനക്കാര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് വ്യത്യസ്തമായി രീതിയില്‍ വനിതാ ദിനം ആഘോഷിച്ചത്. ഇന്നലെ പൂര്‍ണമായി വനിതാ ജീവനക്കാര്‍ മാത്രമുള്ള 4 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തിയത്. ഇതില്‍ ഖത്തറിലേക്കുള്ള സര്‍വീസും ഉള്‍പ്പെടുന്നു. കൊച്ചി- ദോഹ- കൊച്ചി സെക്ടറില്‍ ക്യാപ്റ്റന്‍ അഞ്ചല്‍ സഹാനിയും ഫസ്റ്റ് ഓഫിസര്‍ സൃഷ്ടി പ്രിയദര്‍ശിനിയുമാണ് വിമാനം പറത്തിയത്.

കെ എ ഷമീറ, മരിയ സേവ്യര്‍, പി എസ് അശ്വിനി, പി വി അനുപ്രിയ എന്നിവര്‍ ആയിരുന്നു കാബിന്‍ ജീവനക്കാര്‍. ഇന്നലെ തിരുച്ചിറപ്പള്ളി-ദുബൈ- തിരുച്ചിറപ്പള്ളി, ഡല്‍ഹി-ദുബൈ- വരാണസി, കണ്ണൂര്‍- ദുബൈ-ലഖ്‌നോ സര്‍വീസുകളിലും വനിതാ ജീവനക്കാര്‍ മാത്രമായിരുന്നു. വനിതാ ദിനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ നിയന്ത്രണവും പൂര്‍ണമായി വനിതാ ജീവനക്കാര്‍ ഏറ്റെടുത്തു.