Monday, May 10, 2021
Home News National കഫീല്‍ ഖാനെ പൂട്ടാനുള്ള യോഗിയുടെ നീക്കം ഇത്തവണയും പൊളിഞ്ഞു; മൂന്ന് വര്‍ഷത്തിനിടെ ജയിലിലായത് 16 മാസം

കഫീല്‍ ഖാനെ പൂട്ടാനുള്ള യോഗിയുടെ നീക്കം ഇത്തവണയും പൊളിഞ്ഞു; മൂന്ന് വര്‍ഷത്തിനിടെ ജയിലിലായത് 16 മാസം

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന്‍ എന്ന ശിശുരോഗ വിദഗ്ധനെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് പിന്നിട്ടു. ഇതിനിടയില്‍ രണ്ടു തവണയായി 16 മാസമാണ് അദ്ദേഹത്തെ തുറുങ്കിലടച്ചത്. രണ്ടു തവണയും വൈകിയാണെങ്കിലും കോടതിയാണ് അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയത്.

2017ല്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവുവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ആഗസ്ത് 10ന് മാത്രം 67 കുട്ടികളാണ് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഓക്‌സിജന്‍ തീരാറായെന്ന വിവരം പലകുറി അധികൃതരെ അറിയിച്ചിട്ടും ആരോഗ്യവകുപ്പ് കേട്ടഭാവം നടിക്കാത്തതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.

ഒടുവില്‍ ജീവന് വേണ്ടി പിടയുന്ന കുരുന്നുകളെ രക്ഷിക്കാന്‍ കുട്ടികളുടെ ഡോക്ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്‍ തീരുമെന്ന കാര്യം ദിവസങ്ങള്‍ക്ക് മുമ്പേ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതില്‍ കലിപൂണ്ടാണ് യോഗി സര്‍ക്കാര്‍ കഫീന്‍ ഖാനെ വേട്ടയാടാന്‍ ആരംഭിച്ചത്. ഊതിവീര്‍പ്പിച്ച വികസന വാചകമടി പൊളിഞ്ഞുവീണതിലുള്ള അരിശമായിരുന്നു ബിജെപിക്ക്

കുട്ടികളെ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ പരിശ്രമിച്ച കഫീല്‍ ഖാനെ തന്നെ യോഗി ഭരണകൂടം കൂട്ട മരണത്തിനുത്തരവാദിയാക്കി. ആഗസ്ത് 13ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ കെ ഗുപ്ത നല്‍കിയ പരാതി പ്രകാരം അദ്ദേഹത്തിനെതിരെ കള്ളക്കേസ് ചുമത്തി. ഒമ്പതു മാസമാണ് അദ്ദേഹത്തെ തടവിലിട്ടത്.

ഒടുവില്‍, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്ടര്‍മാരടങ്ങിയ അന്വേഷണ കമീഷന്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി. തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയില്‍മോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഇതിനിടെയാണ് യോഗി സര്‍ക്കാര്‍ പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ വീണ്ടും ജയിലിലടച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ല്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു തടങ്കല്‍. ദേശദ്രോഹ പ്രസംഗമാണ് നടത്തിയതെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ ആരോപണത്തെ ഇന്ന് അലഹബാദ് ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.


 

Most Popular