ഗുവാഹത്തി: അസം മിസോറം അതിര്‍ത്തിയിലെ വര്‍ഗീയ സംഘര്‍ഷം നടന്ന കച്ചാര്‍തര്‍ ഗ്രാമത്തില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലാപകാരികള്‍ ചുട്ടെരിച്ച ഗ്രാമങ്ങളില്‍ യൂത്ത് ലീഗ് സംഘം എത്തിയത്. ഹൈ ലാകണ്ടി ജില്ലയിലെ കട്ടില്‍ച്ചെറ റവന്യൂ സര്‍ക്കിള്‍ രാംനാഥ് പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കച്ചര്‍ തര്‍ ഗ്രാമം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമണങ്ങളില്‍ നൂറില്‍ പരം വീടുകളാണ് ഇവിടെ ചുട്ടെരിച്ചത്. നിരവധി പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അസം-മിസോറം അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയില്‍ 1996 മുതല്‍ നില നില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് പലപ്പോഴും സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്.
പൊടുന്നനെ സംഘടിച്ചെത്തിയ അക്രമികള്‍ വീടുകള്‍ ചുട്ടെരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്‍ആര്‍സിയില്‍ പൗരത്വ രേഖകള്‍ ഹാജരാക്കി പൗരത്വ രജിസ്റ്ററില്‍ ഇടം നേടിയവരുടെ തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചത് സംഭവത്തിനു പിന്നിലെ ഗൂഡാലോചന വ്യക്തമാക്കുന്നതായി നേതാക്കളോട് നാട്ടുകാര്‍ പറഞ്ഞു. പട്ടാള നിരീക്ഷണത്തിലുള്ള ചില പ്രദേശങ്ങളിലേക്ക് പോകാന്‍ സംഘത്തിന് അനുമതി നിഷേധിച്ചു.
പരിക്കേറ്റ് സില്‍ച്ചര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച നേതാക്കള്‍ പോലീസ് അധികാരികളുമായും ചര്‍ച്ച നടത്തി. ഡിവൈഎസ്പി നോബോമിത ദാസിനെ നേരില്‍ കണ്ട നേതാക്കള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രദേശത്ത് താമസിക്കുന്ന ഇരകളുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധിക്ഷേധിച്ച് സമീര റെയില്‍വേ ലൈനില്‍ പ്രാദേശിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരത്തിലും നേതാക്കള്‍ പങ്കെടുത്തു. അസം മുസ്ലിം ലീഗ് കോഡിനേറ്റര്‍ അഡ്വ: ബുര്‍ഹാനുദീന്‍ ബര്‍വയ്യ, എംഎസ്എഫ് അസം സംസ്ഥാന പ്രസിഡണ്ട് തൗസീഫ് അഹമ്മദ്, ദാഹര്‍ ഖാന്‍, സുഹൈല്‍ ഹുദവി എന്നിവര്‍ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.
കലാപത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഉറപ്പാക്കാന്‍ മുസ്ലിം ലീഗ് രംഗത്ത് വരുമെന്ന് സി കെ സുബൈര്‍ പറഞ്ഞു. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് അടിയന്തിരമായി രേഖകള്‍ ലഭ്യമാക്കാന്‍ വേണ്ട നിയമ സഹായം പാര്‍ട്ടി നല്‍കും. ഇതിനായി ഒരു അഭിഭാഷകനെ നിയോഗിച്ചു നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അസമില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യ സി കെ സുബൈര്‍ പറഞ്ഞു. വീടുകളും പള്ളികളും അക്രമിച്ച് തീയിട്ട് നശിപ്പിക്കുന്നതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.