Monday, April 12, 2021
Home News National യുട്യൂബറുടെ വ്യാജ വീഡിയോ; ഗോ എയര്‍ പൈലറ്റിന് ജോലി നഷ്ടപ്പെട്ടു

യുട്യൂബറുടെ വ്യാജ വീഡിയോ; ഗോ എയര്‍ പൈലറ്റിന് ജോലി നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി: സീതാദേവിയെ അപാനിച്ചുവെന്നാരോപിച്ച് യുട്യൂബര്‍ പുറത്തുവിട്ട വ്യാജ വീഡിയോ പൈലറ്റിന്റെ ജോലി തെറിപ്പിച്ചു. ഗോ എയറില്‍ ട്രെയ്‌നി പൈലറ്റായ ആസിഫ് ഇഖ്ബാല്‍ ഖാനാണ് ജോലി പോയത്. ആസിഫ് ഖാന്റെ പേരില്‍ ആരോ നിര്‍മിച്ച ട്വിറ്റര്‍ ഐഡിയിലാണ് സീതാ ദേവിക്കെതിരേ മോശം പരാമര്‍ശം വന്നത്. ഈ ട്വീറ്റ് ഏറ്റെടുത്ത് ബസ്സിങ് ട്രെന്‍ഡ്‌സ് എന്ന പേരിലുള്ള യുട്യൂബ് ചാനല്‍ വീഡിയോ നിര്‍മിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രെന്‍ഡിങ് ന്യൂസുകള്‍ വീഡിയോ ആക്കി മാറ്റുന്ന ചാനലാണിത്. വീഡിയോയില്‍ ആസിഫ് ഖാന്റെ ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും ഒറിജിനല്‍ ചിത്രങ്ങളാണ് ഉപയോഗിച്ചത്.

ട്വിറ്ററില്‍ മോശം പരാമര്‍ശം നടത്തിയ ആസിഫ് ഖാനും ഗോ എയര്‍ പൈലറ്റ് ആസിഫ് ഇഖ്ബാല്‍ ഖാനും ഒരേ ആള്‍ തന്നെയാണെന്ന് ബസ്സിങ് ട്രെന്‍ഡ്‌സ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ചെറിയ അന്വേഷണത്തില്‍ തന്നെ രണ്ടും രണ്ടാളുകളാണ് എന്ന് വ്യക്തമാവുമെന്ന് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട ന്യൂസ് ചൂണ്ടിക്കാട്ടി. ഗോ എയറും കാര്യമായ അന്വേഷണം നടത്താതെയാണ് ആസിഫ് ഇഖ്ബാലിനെ പുറത്താക്കിയത്.

ട്വിറ്ററില്‍ ആസിഫ് ഖാനെതിരേ പ്രതിഷേധമുയര്‍ന്ന് ഏഴ് മണിക്കൂറിനകമാണ് ഗോ എയര്‍ പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി ട്വീറ്റ് ചെയ്തതിനെതിരേ ആസിഫ് ഇഖ്ബാല്‍ മുംബൈ പോലിസില്‍ പരാതി നല്‍കി. പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഗോ എയര്‍ ആസിഫ് ഇഖ്ബാലിന്റെ ടെര്‍മിനേഷന്‍ അന്വേഷണ വിധേയ സസ്‌പെന്‍ഷനാക്കി മാറ്റിയിട്ടുണ്ട്്. ആസിഫ് ഇഖ്ബാലിനെതിരേ ആളുമാറിയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മാഹാരാഷ്ട്ര സൈബര്‍ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബസ്സിങ് ട്രെന്‍ഡ്‌സിലെ വീഡിയോ ഏറ്റെടുത്ത് പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. ദി ഹിന്ദു, ന്യൂസ് 18, സ്വരാജ്യ, ടൈംസ് നൗ, ഒപിഇന്ത്യ, മണി കണ്‍ട്രോള്‍, സീ ന്യൂസ്, ഫ്രീ പ്രസ് ജേണല്‍ എന്നിവ വ്യാജ വാര്‍ത്ത ഏറ്റെടുത്തവരില്‍ പെടുന്നു. ഒരു മാധ്യമമവും ആസിഫ് ഖാന്റെ പ്രതികരണം തേടിയില്ലെന്നതാണ് ആശ്ചര്യം. ഹിന്ദുവും മണി കണ്‍ട്രോളും പിന്നീട് ഗോ എയര്‍ ടെര്‍മിനേഷന്‍ പിന്‍വലിച്ച വാര്‍ത്ത നല്‍കിയെങ്കിലും മറ്റുള്ളവയൊന്നും മിണ്ടിയില്ല.

സംഭവം പോലിസ് കേസ് ആയതോടെ ബസ്സിങ് ട്രെന്‍ഡ്‌സ് ഉടമ സതീഷ് കുമാര്‍ വീഡിയോ പിന്‍വലിച്ച് മാപ്പ് പറഞ്ഞു.

YouTuber whose fake video led GoAir to fire trainee pilot apologises


 

Most Popular