‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; ബിഹാറിൽ പ്രതിഷേധം അക്രമാസക്തമായി

പാട്ന: സൈന്യത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. ബിഹാറിലെ വിവിധയിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

അക്രമാസക്തരായ ഉദ്യോഗാര്‍ഥികള്‍ ഭാഭുവ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ് പ്രസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഒരു കോച്ചിന് തീയിട്ടു. ഇന്ത്യന്‍ സൈന്യത്തെ സ്നേഹിക്കുന്നവര്‍ എന്ന ബാനര്‍ പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. പുതിയ റിക്രൂട്ട്മെന്റ് സംവിധാനത്തെ അംഗീകരിക്കില്ലെന്നും ഉദ്യോഗാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു.

അരാഹ് റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ജെഹനാബാദില്‍ റെയില്‍വേ ട്രാക്കില്‍ നിലയുറപ്പിച്ച ഉദ്യോഗാര്‍ഥികളെ മാറ്റാനുള്ള പൊലീസ് ശ്രമത്തിനിടെ പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു.പൊലീസ് തോക്ക് ചൂണ്ടി പ്രതിഷേധക്കാരെ ഭയപ്പെടുത്തി തിരിച്ചയക്കാന്‍ ശ്രമി ക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.