നാവികസേനയെ ഇനി മലയാളി നയിക്കും; നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: നാവിക സേന മേധാവിയായി മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. നാവികസേനാ മേധാവിസ്ഥാനത്തെത്തുന്ന ആദ്യ മലയാളി കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ. നാവികസേനാ മേധാവി കരംബീര്‍ സിങ് വിരമിച്ച ഒഴിവിലാണ് ഹരികുമാറിന്റെ നിയമനം.

മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983 ല്‍ ഇന്ത്യന്‍ നാവികസേനയിലെത്തിയ ഹരികുമാര്‍ ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്‍വീര്‍ ഉള്‍പ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവര്‍ത്തിച്ചു.

മുംബൈ സര്‍വകലാശാലയിലും യുഎസ് നേവല്‍ വാര്‍ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.