കൊല്ലം: ആയൂരിലെ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്.
പ്രതികളെ അറസ്റ്റു ചെയ്യുമെന്ന സൂചനയും നല്‍കുന്നു. പരിശീലനം കിട്ടാത്തവരെയാണ് പരിശോധനയ്ക്ക് നിയോഗിച്ചത്. നാട്ടുകാരായ യുവതികളാണ് പരിശോധനയ്ക്ക് എത്തിയതെന്നും സൂചനയുണ്ട്. ഇവരെ കണ്ടെത്താനാണ് നീക്കം. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനിയാണ് ആദ്യം പരാതിയുമായി എത്തിയത്. കൂടുതല്‍ പേര്‍ പരാതി നല്‍കിയിട്ടുണ്ട്.
എട്ട് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. തിരുവനന്തപുരത്തെ ഏജന്‍സിയാണ് പരിശോധിച്ചത്. ഇതില്‍ നാലു പേര്‍ പരിസരവാസികളായിരുന്നു. ഇവരെ എല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ദേഹപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ കേസെടുത്തത്.
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന. പരിശോധന നടത്തിയവരുടെ നിര്‍ബന്ധം മൂലം അടിവസ്ത്രം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി ഹാളില്‍ പ്രവേശിച്ചത്. ഇത് ഏജന്‍സിയുടെ ജീവനക്കാരാണോ അതോ സ്‌കൂള്‍ ജീവനക്കാരാണോ ചെയ്തതെന്നും പൊലീസ് പരിശോധിക്കും. പരാതിക്കാരിയുടെ മൊഴി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. ഇതിന് ശേഷം വ്യക്തത വരുത്തും.
അതേസമയം രേഖാമൂലം പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) വ്യക്തമാക്കി. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ലെന്ന് എന്‍ ടി എ വ്യക്തമാക്കി. സംഭവം അറിഞ്ഞയുടന്‍ പരീക്ഷ കേന്ദ്രത്തിലുണ്ടായിരുന്നവരില്‍ നിന്ന് വിവരം തേടി. പരീക്ഷ കേന്ദ്രത്തിലെ സൂപ്രണ്ടും, നീരീക്ഷകരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയിട്ടില്ലെന്നും ആരോപണം തെറ്റായ ഉദ്ദേശ്യത്തോടെയാണെന്നുമാണ് പരീക്ഷാകേന്ദ്രം സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.