വിമാനത്താവളം നിര്‍മ്മിച്ചത് ചൈനീസ് സഹായത്തോടെ; വിമാന ദുരന്തം ഉദ്‌ഘാടനം കഴിഞ്ഞ് 15 ദിവസങ്ങള്‍ക്ക് ശേഷം

കഴിഞ്ഞദിവസം പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ആഭ്യന്ത സര്‍വീസ് ആരംഭിച്ച്‌ പതിനഞ്ചാം ദിനത്തിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയായിരുന്നു കഴിഞ്ഞ ജനുവരി ഒന്നിന് ഉദ്ഘാടനം ചെയതത്. ചൈനയുടെ സഹകരണത്തോടെയാണ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ചൈനയുടെ വ്യാപാര സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈന നടപ്പാക്കുന്ന ബൃഹത് പദ്ധതിയായ ബിആര്‍ഐയുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സാമ്ബത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുമായി ചൈന നടത്തുന്ന പദ്ധതിയാണ് ബിആര്‍ഐ എന്ന ബെല്‍റ്റ് ആന്റ് റോഡ് ഇനീഷെറ്റീവ്. ചൈന-നേപ്പാള്‍ നയതന്ത്രബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവള നിര്‍മ്മാണത്തില്‍ ചൈന പങ്കാളി ആയത്. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വായ്പയാണ് ചൈന നല്‍കിയത്. ഇത് സാമ്ബത്തിക പുരോഗതികൂടി ലക്ഷ്യം വെച്ചാണ് ചൈന ഇത്രയും വലിയ പദ്ധതിയുടെ ഭാഗമായത്.

കഴിഞ്ഞ വര്‍ഷം ബലുവത്തുറില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയും അന്നത്തെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ഡൂബയും ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചൈനീസ് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നതെന്നായിരുന്നു ചൈനയുടെ അവകാശവാദം.

68 യാത്രക്കാരും നാല് ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കത്തി നശിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തക സംഘം നല്‍കുന്ന വിശദീകരണം. യാത്രക്കാരില്‍ അഞ്ച് ഇന്ത്യന്‍ പൗരന്മാരും ഉണ്ടായിരുന്നതായി നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. റഷ്യ-4, ദക്ഷിണ കൊറിയ- 2 അയര്‍ലാന്‍ഡ്-1, ഓസ്ട്രേലിയ-1 ഫ്രാന്‍സ്-1 , അര്‍ജന്റീന-1 എന്നിങ്ങനയൊണ് വിമാനത്തിലുണ്ടായിരുന്ന വിദേശികളുടെ എണ്ണം.