വെല്ലിങ്ടൺ: കോവിഡ് നിയന്ത്രണ വിധേയമായതോടെ രാജ്യത്തുണ്ടായിരുന്ന മുഴുവൻ നിയന്ത്രണങ്ങളും പിൻവലിക്കാൻ ന്യൂസിലൻഡ് സർക്കാർ തീരുമാനിച്ചു. പുതുതായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് സർക്കാറിന്റെ നടപടി.
അടുത്ത ദിവസം മുതൽ ഓക്‌ലൻഡ് ഒഴികെയുള്ള രാജ്യത്തെ എല്ലാ പ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ജസീന്ത അർഡേൺ അറിയിച്ചു. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷമാകും ഓക്‌ലൻഡിലെ നിയന്ത്രണങ്ങൾ പിൻവലിക്കുക.
കഴിഞ്ഞ ആഗസ്റ്റിൽ കൊവിഡിന്റെ രണ്ടാം വരവോടെയാണ് ഇവിടെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ന്യൂസിലൻഡിൽ ഇതുവരെ 1,815 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. 25 പേർ രോഗം ബാധിച്ച് മരിച്ചു.