ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ അതിനു സാധിക്കില്ലെന്നും ഭേദഗതികള്‍ വരുത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40 കര്‍ഷക സംഘടനാ പ്രതിനിധികളുമായി വിജ്ഞാന് ഭവനില്‍ ചര്‍ച്ച നടത്തിയത്. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
എട്ട് തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ അംഗമായിരിക്കാന്‍ താല്പര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഭൂപിന്ദര്‍ സിങ് മാന്‍ വ്യക്തമാക്കി.
സമിതിയിലെ 4 പേരും വിവാദ നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പിന്മാറ്റം. ഇതോടെ സമിതിയുടെ പ്രവര്‍ത്തനം വഴിമുട്ടിയിരിക്കുകയാണ്. കൃഷിനിയമങ്ങള്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കുംവരെ പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.