
കരിപ്പൂരില്‍ നിന്ന് ഹജ്ജ് വിമാനങ്ങളില്ല; തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം
കോഴിക്കോട്: ഹജ്ജ് യാത്രക്കായുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തെ ഒഴിവാക്കി കേന്ദ്രം. വിമാനത്താവളങ്ങളുടെ എണ്ണം പത്താക്കി ചുരുക്കിയതാണ് ഇതിന് കാരണമായി ഹജ്ജ് കമ്മിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് വിമാനത്താവളങ്ങളില്‍നിന്ന് മാത്രമാണ് ഇത്തവണ ഹജ്ജ് യാത്രകള്‍ സജ്ജീകരിക്കുന്നത്. സൗദിയുടെ നിര്‍ദ്ദേശപ്രകാരം ലോകമെമ്പാടും നിന്നുള്ള ഹജ്ജ് യാത്രകളുടെ എണ്ണവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നും തീര്‍ത്ഥാടകരുടെ എണ്ണം കുറവായതിനാല്‍ നെടുമ്പാശ്ശേരിക്ക് മാത്രം അനുമതി നല്കിയാല് മതിയെന്നാണ് തീരുമാനം. കേരളത്തില്‍ ഏറ്റവുമധികം ഹജ്ജ് തീര്‍ത്ഥാടകരുള്ളത് വടക്കന്‍ കേരളത്തില്‍നിന്നാണ്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീര്‍ത്ഥാടകര്‍ക്കും തിരിച്ചടിയാകും. പട്ടികയില്‍നിന്നും കരിപ്പൂരിനെ ഒഴിവാക്കുന്നതോടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാവും നേരിടേണ്ടി വരിക. നെടുമ്പാശ്ശേരിയിലേക്കുള്ള മണിക്കൂറുകളുള്ള യാത്രയും തുടര്‍ന്നുള്ള വിമാനയാത്രയും പ്രായാധിക്യമുള്ള ഹജ്ജ് യാത്രികര്‍ക്ക് ദുരിതപൂര്‍ണമായേക്കും