ജയിലിനെ പേടിയില്ല, നിശബ്ദനാക്കാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭീഷണിപ്പെടുത്തി തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയും നരേന്ദ്ര മോദിയും ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമാണ് നടത്തുന്നത്. ജയിലിലടച്ചാലും ചോദിക്കാനുള്ളതു ചോദിക്കുകതന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയും അദാനിയും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. അന്നു മുതല്‍ തനിക്കെതിരെ മോദി സര്‍ക്കാര്‍ തിരിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ഭാഗത്താണു താന്‍ നിലകൊള്ളുന്നതും പോരാടുന്നതും. താന്‍ പറയുന്നതെല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളില്‍ ഭയം കാണുന്നുവെന്നും രാഹുല്‍ പറഞ്ഞു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്കു പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുല്‍ ചോദിച്ചു.

പാര്‍ലമെന്റില്‍ സ്പീക്കറെ നേരിട്ടു കണ്ടിട്ടു പോലും സംസാരിക്കാന്‍ അവസരം നിഷേധിച്ചു. മൂന്നുതവണ സ്പീക്കര്‍ക്ക് കത്തു നല്‍കി. എന്നിട്ടും മറുപടി കിട്ടിയില്ല. വിഷയത്തിലെ തന്റെ പ്രസംഗം പാര്‍ലമെന്റ് രേഖകളില്‍നിന്നു നീക്കുകയും ചെയ്തു. ചില മന്ത്രിമാര്‍ തനിക്കെതിരെ നുണപ്രചാരണം നടത്തുകയാണ്. വിദേശ ശക്തികളുടെ സഹായം താന്‍ തേടിയെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍, അദാനിയെ കൂട്ടുപിടിച്ച് രാജ്യത്തിന് എതിരായി നിലകൊണ്ടത് മോദിയാണ്. ഇതിനെ ബിജെപി പിന്താങ്ങുകയാണ്.

അവര്‍ എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും ഞാന്‍ എന്റെ ജോലി ചെയ്യും. പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ, രാജ്യത്തിനായുള്ള പോരാട്ടം ഇനിയും തുടരും. ജനാധിപത്യസ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്റെ പ്രധാന കര്‍ത്തവ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.