
കെമാല്‍ പാഷയ്ക്കെതിരെ ഫോണില്‍ തെറിയഭിഷേകം; പൊലീസ് കേസെടുത്തു
കൊച്ചി: ഉദ്ഘാടനത്തിനു മുന്‍പ് പാലം തുറന്നവരെ പിന്തുണച്ചതിന്റെ പേരില്‍ ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷയ്ക്കെതിരെ ഫോണില്‍ തെറിയഭിഷേകം. ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് അസഭ്യവാക്കുകള്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ലോക്കല്‍ ലാന്‍ഡ് നമ്പരില്‍ നിന്നു വിളിച്ചും അസഭ്യം പറഞ്ഞത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസഭ്യം പറച്ചില് തുടര്‍ച്ചയായി ആവര്‍ത്തിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതിനെ തുടര്‍ന്ന് മൊഴി എടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാന്‍ എന്നു പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചത്. അസഭ്യം പറഞ്ഞവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടിയിട്ടില്ല. പിണറായിയുടെ പൊലീസില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയവാദമെന്നു പറയുന്നത് വിവരം കെട്ടവരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൂടെ നിന്നാണെങ്കില്‍ ജനങ്ങളുടെ ഇഷ്ടം കൊണ്ടാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാളും ഇന്ത്യന്‍ പൗരനാണ്. അയാള്‍ക്ക് മത്സരിക്കാം. ഇങ്ങനെ പറയുമ്പോള്‍ അരാഷ്ട്രീയവാദം എന്നു പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയമാണ്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയമാണ്. അത് കക്ഷി രാഷ്ട്രീയം തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കക്ഷി രാഷ്ട്രീയമെന്നു പറയുന്നതും രാഷ്ട്രീയമെന്നു പറയുന്നതും രണ്ടാണ്. അതിനെക്കുറിച്ച് കാഴ്ചപ്പാടു വേണം. അതില്ലാത്തതാണ് ഇവിടെ പ്രശ്നം.
ജനങ്ങള്‍ എന്തെങ്കിലും പറഞ്ഞാലോ പ്രതികരിച്ചാലോ അത് അരാഷ്ട്രീയവാദമാണ് എന്നു പറയുന്നത് ജനത്തെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അടിച്ചമര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. ജനങ്ങളുടെ നിലപാടുകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഓമനപ്പേരാണ് അരാഷ്ട്രീയ വാദമെന്നത് എന്നും അദ്ദേഹം പറഞ്ഞു.