Tuesday, October 4, 2022
HomeNewsKeralaഒമാനിൽ അപ്രതീക്ഷിത വൈദ്യുതി മുടക്കം; വലഞ്ഞ് ജനങ്ങൾ

ഒമാനിൽ അപ്രതീക്ഷിത വൈദ്യുതി മുടക്കം; വലഞ്ഞ് ജനങ്ങൾ

മസ്‍കത്ത്: ഒമാനില്‍ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി നിലച്ചപ്പോള്‍ ജനം വലഞ്ഞു. ട്രാഫിക് സിഗ്നലുകളും മൊബൈല്‍ നെറ്റ്‍വര്‍ക്കുമെല്ലാം പണി മുടക്കി. ഷോപ്പിങ് മാളുകളുടെയും പെട്രോള്‍ പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഓഫീസുകളുടെയും ബാങ്കുകളുടെയും സ്റ്റോക്ക് മാര്‍ക്കറ്റിന്റെയും പ്രവര്‍ത്തനങ്ങളെ വരെ ബാധിച്ചു. രാജ്യത്ത് ഉഷ്ണകാലം കൂടിയായതിനാല്‍ ജനങ്ങളുടെ പ്രയാസം ഇരട്ടിച്ചു. രാത്രിയോടെയാണ് പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്.

മസ്‍കത്ത് ഗവര്‍ണറേറ്റിന് പുറമെ സൗത്ത് അല്‍ ബാത്തിന, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളെയും വൈദ്യുതി മുടക്കം ബാധിച്ചു. ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കാതെ വന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി.

അതേസമയം രാജ്യത്തെ ഒരു ഗവര്‍ണറേറ്റിലെയും ആശുപത്രികളെയും ആരോഗ്യ സ്ഥപനങ്ങളെയും വൈദ്യുതി പ്രതിസന്ധി ബാധിച്ചില്ലെന്നും ബാക്കപ്പ് ജനറേറ്ററുകളുടെ സഹായത്തോടെ പൂര്‍ണതോതില്‍ തന്നെ ഇവ പ്രവര്‍ത്തിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി കേസസ് മാനേജ്‍മെന്റ് സെന്റര്‍ അറിയിച്ചു.

വൈദ്യുതി പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളില്‍ സ്‍കൂളുകള്‍ക്ക് ചൊവ്വാഴ്ച ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അധിക ഉപയോഗം കാരണം പ്രധാന പവര്‍ഗ്രിഡിലുണ്ടായ തകരാറാണ് ഒമാനിവെ വൈദ്യുതി മുടങ്ങിയതിലേക്ക് നയിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അറിയിച്ചു.

Most Popular