ഓമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് അതിവേഗം പടരുന്നു

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഓമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് അതിവേഗത്തിൽ വ്യാപിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഇറ്റലി, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൂടിയാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നേരത്തെതന്നെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നെതര്‍ലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭാകേന്ദ്രം ദക്ഷിണാഫ്രിക്കയെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നുള്ളവര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജി.സി.സി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

അതേസമയം ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന്റെ പേരില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ ലോകരാജ്യങ്ങളുടെ നടപടിയെ വിര്‍ശിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. വിമാന യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പകരം, രാജ്യങ്ങള്‍ ശാസ്ത്രീയവും രാജ്യാന്തര ആരോഗ്യനിര്‍ദേശങ്ങളും പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക റീജിയണല്‍ ഡയറക്ടര്‍ മാറ്റ്ഷിഡിസോ മോയെറ്റി പറഞ്ഞു. ഒമൈക്രോണ്‍ പെട്ടെന്ന് വ്യാപിക്കുമോ, അതീവ ഗുരുതരാവസ്ഥ ഉണ്ടാക്കുമോ എന്നൊന്നും ഇതുവരെ വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം, ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയതിന്റെ പേരില്‍ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു.