രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ആയിരത്തോടടുക്കുന്നു

oman covid

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ കേസുകളിൽ വൻവർദ്ധനവെന്ന് റിപ്പോർട്ടുകൾ. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ്. 961 പേര്‍ക്ക് ഒമിക്രോണ്‍ രോഗം ബാധിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 923 കൊവിഡ് കേസുകളും 263 ഒമിക്രോണ്‍ കേസുകളും റിപ്പോർട്ട് ചെയ്യുമ്പോൾ മഹാരാഷ്ട്രയിൽ 252 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആറ് മാസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ പ്രതിദിന കൊവിഡ് കേസ് നൂറ് കടന്നു. മുംബൈയില്‍ 2510 കേസും ബംഗളൂരുവില്‍ 400, കൊല്‍ക്കത്തയില്‍ 540 പ്രതിദിന കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതര്‍ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്.
അതേസമയം, ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒന്നിച്ച്‌ ഉയര്‍ത്തുന്ന ഇരട്ട ഭിഷണിയില്‍ ഇതിനകം തളര്‍ന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.