Wednesday, January 19, 2022
HomeNewsInternationalഓമിക്രോൺ കൂടുതൽ അപകടകാരിയോ? വീണ്ടും ലോകം അടച്ചുപൂട്ടലിലേക്കോ?

ഓമിക്രോൺ കൂടുതൽ അപകടകാരിയോ? വീണ്ടും ലോകം അടച്ചുപൂട്ടലിലേക്കോ?

ലോകം കോവിഡിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനിടയിലാണ് ബോത്സ്വാനയിൽ നിന്നും കൊറോണയുടെ പുതിയൊരു വകഭേദം പുറത്തെത്തിയത്. മുപ്പതിലധികം മ്യുട്ടേഷനുകൾക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നിലവിലെ വാക്സിനുകളുടെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാനും ഇതിനാവുമത്രെ. വാക്സിന്റെ പ്രഭാവം കുറയ്ക്കുമെന്നു മാത്രമല്ല, മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനങ്ങളെ നിർവ്വീര്യമാക്കുവാനും ഓമിക്രോൺ എന്ന ഈ വകഭേദത്തിന് കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. ലോകത്ത് ഇതുവരെ 77 പേരിലാണ് ഈ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്.

ഈ വകഭേദത്തിന് ഇപ്പോൾ ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് നൽകിയിരിക്കുന്നത്. ലോകത്തെ മറ്റൊരു അടച്ചുപൂട്ടലിലേക്ക് ഓമിക്രോൺ നയിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. പുതിയ വകഭേദത്തെ കണ്ടെത്തിയ വാർത്ത എത്തിയ ഉടൻ തന്നെ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ രംഗത്തുവന്നു. തൊട്ടുപുറകെ യൂറോപ്യൻ യൂണിയനും യാത്രാ വിലക്ക് ഏർപ്പെടുത്തുകയാണ്. നമീബിയ, ബോത്സ്വാന, സിംബാബ്വേ, ലെസോത്തോ എസ്വാറ്റിനി എന്നീ രാജ്യങ്ങളീൽ നിന്നുള്ള വിമാനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.

 

Most Popular