ന്യൂയോര്‍ക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോണിനെതിരെ പുതിയ വാക്സിനുകൾ അടിയന്തിരമായി വികസിപ്പിക്കാനൊരുങ്ങി ഫൈസറും ബയോണ്‍ടെകും. നിലവിലെ വാക്സിൻ ഫലപ്രദമാകുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും പുതിയ വാക്സിൻ പരീക്ഷണത്തിനൊരുങ്ങുന്നത്. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്. പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാരകമായ വകഭേദമാണ്.
യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്നും വളരെയേറെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം അതിതീവ്ര വ്യാപന ശേഷിയുള്ളതാണ്. അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.
ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, ആസ്ട്രേലിയ, ജപ്പാന്, ഇറാന്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യസംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.