നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി യുഡിഎഫിനേയും കോണ്‍ഗ്രസിനേയും നയിക്കും

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെയാണ് ഏല്‍പിച്ചിരിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ട കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍.

ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല. കേരളത്തില്‍ ഇക്കുറി ഭരണത്തിലേറേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമായതിനാല്‍ ഗ്രൂപ്പു പോരില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഹൈക്കമാന്‍ഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പരിഗണിക്കാനും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കാനും നിര്‍ദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താല്‍ക്കാലികമായുള്ള വിഷമത്തില്‍ അകന്നു നില്‍ക്കുന്ന, പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.