Monday, October 25, 2021
HomeNewsKeralaഓണം ബമ്പർ: താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് വിശ്വസിപ്പിച്ചു; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സെയ്തലവി

ഓണം ബമ്പർ: താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് വിശ്വസിപ്പിച്ചു; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സെയ്തലവി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപ അടിച്ചുവെന്ന് പറഞ്ഞ് തന്നെ പറ്റിക്കുകയായിരുന്നുവെന്ന് സെയ്തലവി. ഒന്നാം സമ്മാനം 12 കോടി രൂപ താനെടുത്ത ടിക്കറ്റിനാണെന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വയനാട് പനമരം സ്വദേശി സൈതലവിയാണ് നിയമനടപടിയുമായി മുന്നോട്ടുപോകാനൊരുങ്ങുന്നത്. വയനാട് നാലാം മൈല്‍ സ്വദേശി അഹമ്മദ് വഞ്ചിച്ചെന്നാണ് സെയ്തലവി പറയുന്നത്. അദ്ദേഹം തനിക്ക് ടിക്കറ്റ് അയച്ചുതന്നിരുന്നു. സമ്മാനം ലഭിച്ച ടിക്കറ്റ് ആണെന്ന് പറഞ്ഞുവെന്നും ഇദ്ദേഹം പറയുന്നു. പതിവായി ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്ന തനിക്ക് അടുത്ത സുഹൃത്തായ ഒരാള്‍ സമ്മാനം ലഭിച്ചതായി അറിയിക്കുകയായിരുന്നു. ടിക്കറ്റ് എടുക്കാന്‍ സുഹൃത്തിനെ ഏല്‍പിച്ചിരുന്നുവെങ്കിലും നേരത്തെ അതിന്റെ പടം ലഭിച്ചിരുന്നില്ല. തനിക്ക് വേണ്ടിയെടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചതെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ടോടെ ടിക്കറ്റിന്റെ പകര്‍പ്പ് വാട്‌സാപ്പിലൂടെ അയച്ചുതരികയായിരുന്നു. യഥാര്‍ഥ ഭാഗ്യവാന്‍ ആരാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ സങ്കടം തോന്നാതിരുന്നില്ല. വലിയ പ്രയാസത്തില്‍ ജീവിക്കുന്ന താന്‍ മറ്റൊന്നും ചിന്തിക്കാതെ ഇതു വിശ്വസിച്ചുപോയത് തെറ്റായി എന്നും സങ്കടത്തോടെ സെയ്തലവി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബഷീര്‍ വ്യക്തമാക്കി. വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യവും പരാതിയില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ പ്രവാസികള്‍ക്ക് അടക്കം ഒട്ടേറെ പേര്‍ക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു. തങ്ങളുടെ കൂട്ടത്തിലൊരാളെ ഇത്തരത്തില്‍ പറ്റിച്ചതില്‍ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ഈ ഭാഗ്യം ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും ബഷീര്‍ വ്യക്തമാക്കി.

അതേസമയം സെയ്തലവിക്ക് ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്ന് സുഹൃത്ത് അഹമ്മദ് . ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്‌സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്നും അഹമ്മദ് പറഞ്ഞു. ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച്‌ എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നും അഹമ്മദ് പ്രതികരിച്ചു. ആകാംക്ഷയ്ക്ക് വിരാമമായി ഓണം ബംപര്‍ 12 കോടി സമ്മാനം നേടിയത് കൊച്ചി മരട് സ്വദേശി ജയപാലനാണെന്ന് ഇന്ന് വ്യക്തമായി. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കൊച്ചിയിലെ കനറാബാങ്കിന്റെ ശാഖയില്‍ സമര്‍പ്പിച്ചു.

Most Popular