Saturday, October 1, 2022
HomeNewsKeralaഓണപ്പാച്ചിലിൽ കേരളം ; വിലക്കയറ്റം തിരിച്ചടി

ഓണപ്പാച്ചിലിൽ കേരളം ; വിലക്കയറ്റം തിരിച്ചടി

ഇന്ന് ഉത്രാടം. തിരുവോണത്തിന് ഒരു ദിനം മാത്രം ബാക്കി. കോവിഡും പ്രളയവും തകർത്തെറിഞ്ഞ ഓണാഘോഷങ്ങളെ എല്ലാ പ്രൗഢിയോടുംകൂടി തിരിച്ചുപിടിക്കാൻ ഇത്തവണ ഒരുങ്ങി തുടങ്ങിയ മലയാളിയുടെ നടുവൊടിച്ചു ആവശ്യ സാധന വില കുതിക്കുന്നു.എന്നിരുന്നാലും പൂക്കളവും സദ്യയുമൊരുക്കി ഓണം കെങ്കേമമാക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ചെറുപട്ടണങ്ങളിലുൾപ്പെടെ തിരക്കാണ്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും പൂക്കടകളിലും പച്ചക്കറിക്കടകളിലുമെല്ലാം തിരക്ക് പ്രകടം. എന്നാൽ പച്ചക്കറികളുടെ വിലവർധന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. രണ്ടാഴ്ച മുൻപുണ്ടായിരുന്നതിനേക്കാൾ ഇരട്ടിവിലയാണ് ഓണം അടുത്ത ദിവസങ്ങളിലെ പച്ചക്കറിവില.

രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കായ്ക്ക് ഇപ്പോൾ 90 രൂപയാണ് വില. മൂന്നിരട്ടി വർധന. തമിഴ്നാട്ടിൽ കനത്ത മഴയിലുണ്ടായ കൃഷിനാശമാണ് വിപണിയിൽ മുരിങ്ങക്കായുടെ ലഭ്യത കുറയാൻ കാരണമായത്. ഓണവിഭവങ്ങളിൽ മാറ്റിനിർത്താനാവാത്ത പച്ചക്കറിയിനമായതിനാൽ ആവശ്യക്കാർക്ക് ഒട്ടും കുറവില്ല. രണ്ടാഴ്ച മുൻപ് 30 രൂപയായിരുന്ന വെണ്ടയ്ക്കായുടെ വില ഇപ്പോൾ 60 ആയി ഉയർന്നു. ബീൻസിന് 35-ൽ നിന്ന് 75 രൂപയായും പയറിന് 30-ൽ നിന്ന് 60 ആയും വില ഉയർന്നു. നാടൻ പച്ചക്കറികളായ ചേന, ചേമ്പ്, കാച്ചിൽ എന്നിവയ്ക്ക് വിലവർധനയില്ല. ഓണത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള നേന്ത്രക്കായ്ക്ക് 15 രൂപയുടെ വർധനയാണ് ഉണ്ടായത്.

Most Popular