ഓൺലൈൻ ക്ലാസ്സിനിടയിൽ നിങ്ങളുടെ വാട്സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടേക്കാം

ഓൺലൈൻ ക്ലാസുകളിലാണ് ഇപ്പോൾ കൂടുതൽ സമയവും നമ്മുടെ കുട്ടികളും ടീച്ചർമാരും ചിലവഴിക്കുന്നത്. ഓൺലൈൻ ക്ലാസുകൾക്കിടയിൽ സംഭവിച്ചേക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് കേരള പോലീസ് പങ്കുവച്ചത്. ഓൺലൈൻ ക്ലാസ്സുകളിലെ ചില വിരുതന്മാർ അത്ര നിസാരക്കാരല്ല. സ്വന്തം അധ്യാപികയുടെ വാട്സ് ആപ് അക്കൗണ്ട് ചോർത്തിയ അതിസമര്ഥനായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി.
സംഭവം നടന്നത് കോഴിക്കോട് ജില്ലയിലാണ്. ടീച്ചറുടെ മൊബൈല്‍ നമ്ബര്‍ വച്ച്‌ സ്വന്തം ഫോണിലെ വാട്സ്‌ആപ്പിലേക്ക് ലോഗിന്‍ ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതിനായി വിദ്യാര്‍ത്ഥി ചെയ്തത് വളരെ ലളിതമായ കാര്യമാണ്.

ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അധ്യാപകര്‍ സാധാരണ ഗതിയില്‍ സ്ക്രീന്‍ ഷെയറിങ് എന്ന ഓപ്ഷന്‍ ഉപയോഗിക്കാറുണ്ട്. അതായത് അധ്യാപകര്‍ ക്ലാസ്സെടുക്കാന്‍ ഉപയോഗിക്കുന്ന ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ സ്ക്രീനില്‍ കാണുള്ള എല്ലാ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ കൂടി കാണുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കുവയ്ക്കും. അത്തരത്തില്‍ സ്ക്രീന്‍ ഷെയര്‍ ചെയ്യുമ്ബോഴുള്ള ഒരു പാളിച്ച മുതലെടുത്താണ് വിദ്യാര്‍ത്ഥി അധ്യാപികയുടെ വാട്സ്‌ആപ്പ് അക്കൗണ്ടിലേക്ക് അനധികൃതമായി കയറിയത്.

അധ്യാപികയുടെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ തന്റെ ഫോണിലെ വാട്സ്‌ആപ്പില്‍ ലോഗ് ഇന്‍ ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥി ചെയ്തത്. അങ്ങനെ ലോഗ് ഇന്‍ ചെയ്യണമെങ്കില്‍ ഒടിപി (വണ്‍ടൈം പാസ്വേഡ്) നല്‍കണം. ആ വണ്‍ ടൈം പാസ്വേഡ് അധ്യാപികയുടെ ഫോണിലേക്ക് ആണ് വരുന്നത്. ആ ഒടിപി ചോര്‍ത്താനാണ് സ്ക്രീന്‍ ഷെയറിങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളെ വിദ്യാര്‍ത്ഥി മുതലെടുത്തത്.

വാട്സ്‌ആപ്പ് ഒടിപി നമ്ബര്‍ വന്നത് ടീച്ചറുടെ ഫോണില്‍ നോട്ടിഫിക്കേഷനായി തെളിഞ്ഞിരുന്നു. ടീച്ചര്‍ സ്ക്രീന്‍ ഷെയറിങ്ങ് ഓണ്‍ ചെയ്തു വച്ചിരുന്നതിനാല്‍ ഇത് ഓണ്‍ലൈന്‍ ക്ലാസിലെ എല്ലാ കുട്ടികളും കാണുകയും ചെയ്തു. കൂട്ടത്തില്‍ ടീച്ചറുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയും. ആ നമ്ബര്‍ സ്ക്രീനില്‍ കണ്ടതോടെ ആ വിദ്യാര്‍ത്ഥി ആ ഒടിപി നല്‍കി തന്റെ ഫോണില്‍ ടീച്ചറുടെ വാട്സ്‌ആപ്പ് അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു.

ഒപ്പം ഒരേ സമയം രണ്ട് ഫോണില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല എന്നതിനാല്‍ ടീച്ചറുടെ ഫോണില്‍ നിന്ന് ആ അക്കൗണ്ട് ലോഗ്‌ഔട്ട് ആയി പോവുകയും ചെയ്തു.

തന്റെ ഫോണില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയാതെ ആയതോടെ തന്റെ വാട്സ്‌ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിച്ച്‌ അധ്യാപിക പൊലീസിനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥിയാണ് വാട്സ്‌ആപ്പ് അക്കൗണ്ട് ചോര്‍ത്തിയത് എന്ന് മനസ്സിലായത്.

സ്ക്രീന്‍ ഷെയര്‍ ചെയ്യുമ്ബോള്‍ ഇത്തരത്തില്‍ ഒടിപി വഴി വാട്സ്‌ആപ്പ് അക്കൗണ്ടും മറ്റും ചോര്‍ത്തുന്നത് തടയാന്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഒപ്പം സ്ക്രീനില്‍ ഇത്തരത്തില്‍ നോട്ടിഫിക്കേഷനുകളൊന്നും സ്ക്രീന്‍ ഷെയറിങ് സമയത്ത് ദൃശ്യമാവില്ല എന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെയും മറ്റും സമയത്ത് സ്ക്രീന്‍ ഷെയര്‍ ചെയ്യുമ്ബോള്‍ നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്തു വയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.

വാട്സ്‌ആപ്പ് അക്കൗണ്ട് പെട്ടെന്ന് ആരും ചോര്‍ത്താതിരിക്കാന്‍ അതില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യാം. അപ്പോള്‍ പുതിയ ഒരു ഫോണില്‍ നിങ്ങളുടെ വാട്സ്‌ആപ്പ് തുറക്കണമെങ്കില്‍ ഒടിപിക്ക് പുറമെ നിങ്ങള്‍ നല്‍കിയ ഒരു ആറക്ക പാസ്വേഡ് കൂടി നല്‍കേണ്ടി വരും.
ഒപ്പം ഓണ്‍ലൈന്‍ ക്ലാസ് സമയത്ത് വന്ന മെസേജുകള്‍ ഏതെല്ലാമെന്ന് സ്ക്രീന്‍ ഷെയറിങ് ഓഫ് ചെയ്ത ശേഷം പരിശോധിക്കുകയും ഒടിപി നമ്ബറുകളോ സംശയകരമായ മറ്റ് സന്ദേശങ്ങളോ വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതും നല്ലതായിരിക്കും.