Saturday, July 24, 2021
Home News Kerala പാക് ഷെൽ ആക്രമണം; ജമ്മു കശ്മീരിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു

പാക് ഷെൽ ആക്രമണം; ജമ്മു കശ്മീരിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി സൈനികൻ കൊല്ലപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് മരിച്ചത്.
കാശ്മീരിലെ രജൗറിക്ക് സമീപം സുന്ദർബനി സെക്ടറിലായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു മേജർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ചൊവ്വാഴ്ചയാണ് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം നടന്നത്. ബുധനാഴ്ച പുലർച്ചെയാണ് അനീഷ് തോമസിന്റെ മരണം സംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ അനീഷ് കൊല്ലപ്പെട്ടെന്നായിരുന്നു അറിയിപ്പ്.

ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. പട്രോളിംഗിനിടെ അനീഷുൾപ്പെടെ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഷെല്ലാക്രമണം നടക്കുകയായിരുന്നു എന്ന അറിയിപ്പാണ് അധികൃതർ വീട്ടുകാർക്ക് നൽകിയിട്ടുള്ളത്.

തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ്. ഭാര്യ: എമിലി, മകൾ: ഹന്ന (ആറ്).

Most Popular