Sunday, January 23, 2022
HomeNewsInternationalതാലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ; എതിർത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ; സാർക് സമ്മേളനം റദ്ദാക്കി

താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ; എതിർത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ; സാർക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി : താലിബാനെ പങ്കെടുപ്പിക്കണമെന്ന ആവശ്യമുന്നയിച്ച പാകിസ്താന്റെ നടപടിക്ക് വഴങ്ങാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ. ഇന്ത്യ അടക്കം ഭൂരിപക്ഷം അംഗരാജ്യങ്ങളും പാകിസ്ഥാന്റെ ആവശ്യത്തെ എതിർത്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എതിർപ്പ് രൂക്ഷമായതോടെ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സാർക് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം റദ്ദാക്കി.

സമവായം ഇല്ലാത്ത സാഹചര്യത്തില്‍ യോഗം റദ്ദാക്കിയതായി, വിദേശകാര്യമന്ത്രിതല ചര്‍ച്ചയ്ക്ക് ആതിഥേയരായ നേപ്പാള്‍ പ്രസ്താവനയില്‍ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ മന്ത്രിമാരില്‍ പലരും യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്നും, അതിനാല്‍ യോഗത്തില്‍ പങ്കെടുപ്പിക്കാനാവില്ലെന്നുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നിലപാടെടുത്തത്. ലോകരാജ്യങ്ങള്‍ താലിബാനെ ഒദ്യോഗികമായി അംഗീകരിക്കാത്ത സാഹചര്യത്തില്‍, അഫ്ഗാന്‍ പ്രതിനിധിയുടെ കസേര സാർക് സമ്മേളനത്തില്‍ ഒഴിച്ചിടണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

താലിബാനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ദക്ഷിണേഷ്യയിലെ ഏട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് സാർക് അംഗരാജ്യങ്ങള്‍.

Most Popular