
സിപിഎം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പാലോളി മുഹമ്മദ് കുട്ടി
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ തീവ്ര വര്‍ഗീയ കക്ഷിയായി സി.പി.എം ചിത്രീകരിച്ചുകൊണ്ടിരിക്കെ വെളിപ്പെടുത്തലുമായി മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പാലോളി മുഹമ്മദ് കുട്ടി. സി.പി.എം ജമാഅത്തെ ഇസ്ലാമിയുമായി നേരത്തെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതായി പാലോളി വെളിപ്പെടുത്തി. പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും അന്നത്തെ മുഖ്യശത്രുവിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്നും പാലോളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്ത്തകന് എന്‍.പി രാജേന്ദ്രനും കെ.എന്‍.എ ഖാദര്‍ എം.എല്‍.എക്കുമൊപ്പം സഭാ ടിവി അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് പാലോളിയുടെ പരാമര്‍ശം.
നേരത്തെ പല തെരഞ്ഞടുപ്പുകളിലും സി.പി.എം ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചു പോയിരുന്നതായി അദ്ദേഹം പറഞ്ഞു. ”ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താല്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു” – പാലോളി പറഞ്ഞു.
ഫാസിസം ശക്തിയാര്‍ജ്ജിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍ സഹകരണം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് അവര്‍ക്ക് ഒരു നിലപാടുണ്ട്, ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. രണ്ട് കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നായിരുന്നു പാലോളിയുടെ മറുപടി.