പാറശ്ശാലയിലെ ഷാരോണിന്‍റെ മരണം; പോസ്റ്റുമോര്‍ട്ടത്തില്‍ വിഷാംശം കണ്ടെത്താനായില്ല

പാറശ്ശാലയിലെ ഷാരോണിന്‍റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ വിഷാംശം കണ്ടെത്താനായില്ലെന്ന് റൂറല്‍ എസ് പി ഡി ശില്‍പ.

യുവാവിന്‍റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയെന്ന് റൂറല്‍ എസ്.പി ഡി. ശില്‍പ അറിയിച്ചു.

ഈ മാസം 14നാണ് സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ഷാരോണ്‍ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16 ന് ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 17 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കഷായം കഴിച്ച വിവരം ഷാരോണ്‍ ഡോക്ടര്‍മാരോട് പറഞ്ഞില്ല.

ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഈ മൊഴികളിലൊന്നും ആര്‍ക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ഷാരോണ്‍ മരിച്ചുവെന്നും എസ് പി പറഞ്ഞു.

മരണ കാരണം കണ്ടെത്താന്‍ ആരോഗ്യ വിദഗ്ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും. വിശദമായ അന്വേഷണം നടക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടുമെന്നും റൂറല്‍ എസ്.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷാരോണ്‍ കഷായം കഴിച്ച കാര്യം ഷാരോണ്‍ ആദ്യം ഡോക്ടറെ അറിയിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ ഷാരോണ്‍ കുടിച്ച കഷായത്തിന്റെ കുപ്പി കണ്ടെടുത്തു. സംഭവത്തില്‍ ഷാരോണിനൊപ്പം പോയ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

അതേസമയം ഷാരോണിന്‍റെ അവസാന ഫോണ്‍ സന്ദേശം പുറത്ത് വന്നിരുന്നു.’കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ… ഞാന്‍ പറഞ്ഞത്… നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ… എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞത്…ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ… അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് വീട്ടില്‍ പറഞ്ഞത്’ ശബ്ദസന്ദേശത്തില്‍ യുവാവ് പറയുന്നു.

‘ശരിക്കും ഈ ജ്യൂസിനെന്തോ സംശയം തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ… കുഴപ്പമൊന്നുമില്ലല്ലോ… ഇനി അതും റിയാക്‌ട് ചെയ്തതാണോ എന്തോ… ‘ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.