കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന്റെ ഭാഗത്തുനിന്ന് തനിക്കും കുടുംബത്തിനുമുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യാത്രക്കാരന്. കണ്ണൂര്‍ സ്വദേശിയായ ഷക്കീല്‍ എന്ന യാത്രക്കാരനാണ് ഫെയ്സ്ബുക്കിലൂടെ വിമാനത്താവളത്തില്‍നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയത്. ഈമാസം എട്ടിനാണ് ഷക്കീലും കുടുംബവും കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ (ഐസിഎ) അംഗീകാരവും കൊവിഡ് പരിശോധന നടത്തിയതിന്റെ റിപോര്‍ട്ടും സഹിതവുമായാണ് വിമാനത്താവളത്തിലെത്തുന്നത്.
വിമാനത്താവളത്തിലെ കൗണ്ടറില്‍ പെട്ടിവച്ചപ്പോള് ജീവനക്കാരന് ചോദിച്ചത് അതില്‍ എന്താണെന്നും ബീഫുണ്ടോയെന്നുമാണ്. എന്താണ് ബീഫ് കണ്ണൂരില്‍ കൊണ്ടുപൊയ്ക്കൂടെയെന്ന് ഷക്കീല്‍ ചോദിക്കുന്നു. പിന്നെ പിന്നെ ഫ്രോസണ്‍ സാധനം ഈര്‍പ്പം കാരണം മറ്റുള്ളവരുടെ പെട്ടി മോശമാവുമെന്ന തരത്തില്‍ പലതും പറഞ്ഞു. പിന്നെ ലാബില്‍നിന്ന് ലഭിച്ച കൊവിഡ് റിപോര്‍ട്ടില്‍ വ്യക്തതയില്ലെന്നായി. മൊബൈലില്‍ അതുണ്ടെന്ന് പറഞ്ഞ് ഇ- മെയില്‍ അയച്ചുകൊടുത്തു. അപ്പോഴൊക്കെ കൗണ്ടറിലെ ജീവനക്കാരന് മോശമായ രീതിയിലാണ് പെരുമാറിക്കൊണ്ടിരുന്നത്.
കുട്ടികളടക്കം ആറുപേരുടെ ടിക്കറ്റാണുണ്ടായിരുന്നത്. 6,16,28,30 എന്നിങ്ങനെ നാലുമൂലയ്ക്കായാണ് സീറ്റ് നല്‍കിയത്. കുട്ടികളുടെ ബുക്കിന്റെ ഭാരം എട്ടുകിലോ എന്നത് ഏഴാക്കണമെന്നും ആവശ്യപ്പെട്ടു. ആറുപേര്‍ക്കുകൂടി നാല് ഹാന്റ്ബാഗ് മാത്രമാണുള്ളതെന്ന് പറഞ്ഞെങ്കിലും ബോഡിങ് പാസ് വേണമെങ്കില്‍ ഏഴുകിലോ ആക്കിയേ പറ്റൂവെന്ന് ജീവനക്കാരന് നിലപാടെടുക്കുകയായിരുന്നുവെന്ന് ഷക്കീല്‍ പറയുന്നു. ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പോയപ്പോഴുണ്ടായ ദുരനുഭവമാണിതെന്നും ഇനിയും ഇതുപോലുള്ള ജീവനക്കാര്‍ മുന്നില്വന്നുപെടാതെ നോക്കാന്‍ എന്ത് പാപം ചെയ്യണമെന്നും ഷക്കീല്‍ ചോദിക്കുന്നു.