പത്തനംതിട്ട പോപുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും സ്ഥാപന ഉടമയുമായ റോയി ഡാനിയേലിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. റോയിയുടെ മക്കളായ റിയ, റിനു എന്നിവർക്കും കേസിൽ മുഖ്യപങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എൽ എൽ പി എന്ന നിലയിൽ കമ്പനികൾ രൂപവത്കരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്ന് എസ് പി കെ ജി സൈമൺ പറഞ്ഞു.

കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് എന്നിവരെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

2014ൽ കമ്പനികളുടെ ഉടമസ്ഥാവകാശം റോയി മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് പോലുള്ള പല കാര്യങ്ങളും നിക്ഷേപകരെ അറിയിച്ചിരുന്നില്ല. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റൈൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

തട്ടിപ്പ് ആസൂത്രിതമാണെന്നാണ് സൂചന. ആദ്യകാലങ്ങളിൽ പോപുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷേപകർക്ക് രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപുലർ ഡീലേഴ്സ്, പോപുലർ പ്രിസ്റ്റേഴ്സ്, പോപുലർ നിധി എന്നീ പേരുകളിലാണ്. റോയിയുടെ മക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.