Thursday, July 29, 2021
Home News National ഇന്ത്യയിൽ ഈ മാസം 21 മുതൽ സ്‌കൂളുകൾ തുറക്കാൻ അനുമതി

ഇന്ത്യയിൽ ഈ മാസം 21 മുതൽ സ്‌കൂളുകൾ തുറക്കാൻ അനുമതി

ന്യൂഡൽഹി: രാജ്യത്ത് ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കായി ഈ മാസം 21 മുതൽ സ്‌കൂളുകൾ തുറക്കാൻ അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. അധ്യാപകരുടെ മാർഗനിർദേശം തേടുന്നതിനായി ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി നിയന്ത്രിതമായി സ്‌കൂളുകളിൽ ചെല്ലുന്നതിനാണ് അനുമതി.

ഓൺലൈൻ വിദ്യാഭ്യാസം കഴിവതും പ്രോത്സാഹിപ്പിക്കണമെന്ന് നിർദേശമുണ്ട്. ആറടിയിൽ കുറയാതെ സാമൂഹിക അകലം പാലിക്കുക, ഫേസ് മാസ്‌ക് ധരിക്കുക, കൈകൾ കൃത്യമായ ഇടവേളകളിൽ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക, രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ അറിയിക്കുക തുടങ്ങിയവയാണ് പ്രധാനമായും പാലിക്കേണ്ട നിർദേശങ്ങൾ.

ചെറിയ ക്ലാസുകളിലെ വിദ്യാർഥികൾക്കായി സ്‌കൂളുകൾ തുറക്കുന്നതിന് നിർദേശമില്ല. കണ്ടെയ്ൻമെന്റ് സോണിലെ സ്‌കൂളുകളും തുറക്കരുത്. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽ പ്രവേശിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഉപയോഗിച്ച സ്‌കൂളുകൾ അണുവിമുക്തമാക്കിയിട്ടാകണം തുറക്കേണ്ടത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾക്ക് പുറത്ത് ക്ലാസുകൾ സംഘടിപ്പിക്കാം. അസംബ്ലികൾ, കായികം, മറ്റ് കൂടിച്ചേരലുകൾ ഒന്നും അനുവദിക്കില്ല.
സ്‌കൂളിന്റെ പ്രവേശനകവാടത്തിൽ തന്നെ അണുവിമുക്തമാകാനും തെർമൽ സ്‌ക്രീനിംഗ് നടത്താനുമുള്ള സംവിധാനമൊരുക്കണം. രോഗലക്ഷണങ്ങളുള്ളവർ സ്‌കൂളുകളിൽ പ്രവേശിക്കരുതെന്നും കർശനനിർദ്ദേശമുണ്ട്.

Most Popular