Saturday, July 24, 2021
Home News International രണ്ടാം ഘട്ട കോവിഡ് വ്യാപനം: യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

രണ്ടാം ഘട്ട കോവിഡ് വ്യാപനം: യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

പാരീസ്: രണ്ടാം ഘട്ട കോവിഡ് രോഗവ്യാപനം ഉണ്ടായതോടെ യൂറോപ്യൻ രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറയുകയാണെന്നാണ് റിപ്പോർട്ട്. ചെക്ക് റിപ്പബ്ലിക്കിൽ വീണ്ടും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളുകളും, ബാറുകളും, ക്ലബുകളും അടച്ചിടാൻ ഭരണകൂടം നിർദേശിച്ചു. ഇവിടെ ശരാശരി 10,000പേർക്കെങ്കിലും ദിനംപ്രതി കോവിഡ് പിടിപെടുന്നതായാണ് അനൗദ്യോഗിക കണക്കുകൾ. ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടക്കാനും നിർദേശമുണ്ട്.

പാരീസിലെ ആശുപത്രികളിൽ 90 ശതമാനവും അടുത്തയാഴ്ചയോടെ കോവിഡ് ബാധിതരെക്കൊണ്ട് നിറയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് വൈകിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പാരീസ് അടക്കമുള്ള നഗരങ്ങളെ ഹോട്ട്സ്പോട്ടുകൾ ആക്കാനും നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനുമാണ് സാധ്യത.

നെതർലൻഡിൽ ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇവിടെ പൊതു ഇടങ്ങളിൽ മാസ്‌ക് കർശനമാക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ സ്ഥിതിവിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലും വ്യക്തമാക്കിയിരുന്നു. ആവശ്യമായി വന്നാൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും നിലവിൽ സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

ബ്രിട്ടൻ ത്രിതല സുരക്ഷാ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കോവിഡിന്റെ തീവ്രതയ്ക്കനുസരിച്ച് മേഖലകൾ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ബ്രിട്ടൻ നടത്തുന്നത്. ലോക്ക്ഡൗൺ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു.

Most Popular