Friday, April 23, 2021
Home News Kerala പ്രതിപക്ഷം സര്‍ക്കാരിനെതിരെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം സര്‍ക്കാരിനെതിരെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ മേല്‍കെട്ടിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാറിനു മേല്‍ കെട്ടിവെച്ച് ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശിവശങ്കറിന്റെ അറസ്റ്റിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമപരമായ നടപടികളെ തമസ്‌കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തിനുള്ളത്.

ഒരു കാര്യം ആവര്‍ത്തിച്ചു പറയുന്നു. ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചുവാഴിക്കില്ല. നാടിന്റെ വികസനം ഉയര്‍ത്തുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. ഈ യാഥാര്‍ഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്. കംസ്റ്റംസ് യൂണിയന്‍ ലിസ്റ്റില്‍ പെട്ടതാണ്. അവര്‍ ആ കേസ് അന്വേഷിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവന്ന ശിവശങ്കറിന് ഈ കേസില്‍ ബന്ധമുണ്ട് എന്ന് അറിഞ്ഞപ്പോള്‍ തന്നെ അയാളെ പദവില്‍ നിന്നും മാറ്റി. ഈ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയത്തെ വക്രീകരിച്ചാണ് പ്രതിപക്ഷം സര്‍ക്കാറിനെതിരെ തിരിയുന്നത്. ശിവശങ്കറിനെ കാട്ടി സര്‍ക്കാറിനെതിരെ കലഹം സൃഷ്ടിക്കാനാണ് ഒരുക്കമെങ്കില്‍ അതു നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular