പിറ്റ് ബുള്‍ നായകളുടെ ആക്രമണത്തിൽ 11 വയസുകാരന് ഗുരുതര പരിക്ക് ; തലയോട്ടിയുടെ 70 ശതമാനം ഭാഗവും കടിച്ചുകീറി

ജോര്‍ജിയയില്‍ 11 വയസ്സുകാരന് നേരെ പിറ്റ് ബുള്‍ നായകളുടെ കൂട്ട ആക്രമണം. ആക്രമണത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ തലയോട്ടിയുടെ 70 ശതമാനം ഭാഗവും വേട്ടപ്പട്ടികള്‍ കടിച്ചുകീറി. കൊളംബിയ കൗണ്ടിയിലെ ആപ്ലിംഗിലെ ജസ്റ്റിന്‍ ഗില്‍സ്‌ട്രാപ്പ് എന്ന 11 -കാരനാണ് വേട്ടനായ്ക്കളുടെ കൂട്ടആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിനു പുറത്തുകൂടി സൈക്കിള്‍ ഓടിച്ചു കളിക്കുന്നതിനിടയിലാണ് അയല്‍വാസിയുടെ പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ കുട്ടിയെ വേട്ടയാടിയത്.

സൈക്കിള്‍ ഓടിക്കുന്നവരെ പിന്നാലെ ഓടി പിടികൂടുന്നത് നായ്ക്കളുടെ വിനോദമാണെന്ന് കുട്ടിയുടെ അയല്‍വാസി കൂടിയായ നായ്ക്കളുടെ ഉടമ സമ്മതിച്ചു. സൈക്കിള്‍ ഓടിച്ചു കൊണ്ടിരുന്ന കുട്ടിയുടെ പിന്നാലെ പാഞ്ഞെത്തിയ നായ്ക്കള്‍ അവന്‍റെ കാലിനു പിടിച്ചു വലിച്ച്‌ സമീപത്തെ ഒരു കുഴിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് അവിടെ വച്ചാണ് മൂന്ന് നായ്ക്കളും ചേര്‍ന്ന് കുട്ടിയെ അതിക്രൂരമായി കടിച്ചു കീറിയത്. നിരവധി തവണ നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് കുതറിയോടാന്‍ കുട്ടി ശ്രമിച്ചു എങ്കിലും സാധിക്കാതെ വരികയായിരുന്നു. ആക്രമണത്തില്‍ തലയോട്ടിയുടെ ഭാഗങ്ങള്‍, ചെവി, കണ്ണ്, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വളരെ ഗുരുതരമായ രീതിയില്‍ നായ്ക്കള്‍ മാംസം കടിച്ചു കീറിയിട്ടുണ്ട്.

ആക്രമണകാരികളായ പിറ്റ് ബുള്ളുകളെ ആനിമല്‍ കണ്‍ട്രോള്‍ വിഭാഗം പിടികൂടി. കൂടാതെ നായ്ക്കളുടെ ഉടമയായ ബര്‍ട്ട് ബേക്കറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുമ്ബും ഇയാളുടെ വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ സമീപവാസികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.